ഒട്ടാവ: കാനഡ ഭാവിയിൽ യൂറോപ്യൻ യൂണിയന്റെ (EU) ഭാഗമാകാനുള്ള സാധ്യതയെക്കുറിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോൽ ബാറോ. ബെർലിനിൽ നടന്ന ‘യൂറോപ്പ് 2026’ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഐസ്ലാൻഡ് ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒരിക്കൽ ഒരുപക്ഷേ കാനഡയും ഈ കൂട്ടായ്മയിൽ ചേർന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയത്. തമാശരൂപേണയുള്ള അദ്ദേഹത്തിന്റെ പരാമർശത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
നിലവിൽ കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന ആശയത്തിന് രാജ്യത്തിനകത്ത് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആൽബർട്ടയിലെ രാഷ്ട്രീയ പ്രവർത്തകനായ തോമസ് ലുകാഷുക് നേരത്തെ ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ഭരണപരമായ സങ്കീർണ്ണതകൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഇതിനെ എതിർക്കുന്നുണ്ട്. കാനഡയിലെ നിലവിലുള്ള ഫെഡറൽ, പ്രൊവിൻഷ്യൽ നിയമങ്ങളുമായി യൂറോപ്യൻ യൂണിയൻ നിയമങ്ങൾ ചേർന്നുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്നത്.
അതേസമയം, കാനഡയുടെ യൂറോപ്യൻ യൂണിയൻ അംഗത്വമെന്ന സാധ്യത പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ജൂണിൽ തള്ളിക്കളഞ്ഞിരുന്നു. യൂറോപ്യൻ രാജ്യങ്ങളുമായി ശക്തമായ വ്യാപാര-പ്രതിരോധ ബന്ധം സ്ഥാപിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എന്നാൽ യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അധികാരമേറ്റ ആദ്യ വർഷത്തിൽ തന്നെ യൂറോപ്യൻ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിക്കുന്നതിനായി കാർണി പലതവണ വിദേശ സന്ദർശനം നടത്തിയിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada could also join the European Union; French Foreign Minister hints



