ഹവാന: അമേരിക്കൻ ഉപരോധത്തെത്തുടർന്ന് കടുത്ത സാമ്പത്തിക-ഊർജ്ജ പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് കാനഡ 8 മില്യൺ ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു. നിലവിലുള്ള സഹായങ്ങൾക്ക് പുറമെയാണിതെന്ന് അന്താരാഷ്ട്ര വികസനകാര്യ സ്റ്റേറ്റ് സെക്രട്ടറി രൺദീപ് സാരായി അറിയിച്ചു. ക്യൂബയിലെ മാനുഷിക സാഹചര്യം അങ്ങേയറ്റം ഗൗരവകരമാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാം, യുണിസെഫ് എന്നിവ വഴി സഹായം അർഹരായവരിലേക്ക് നേരിട്ടെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പോഷകാഹാര ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായാണ് ഫണ്ട് വിനിയോഗിക്കുകയെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ആഴ്ചകളായി തുടരുന്ന ഇന്ധന-വൈദ്യുതി ക്ഷാമം വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പോലും ബാധിച്ച സാഹചര്യത്തിലാണ് കാനഡയുടെ ഇടപെടൽ. സഹായം നൽകിയ ശേഷം സാഹചര്യം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കാനഡയുടെ വിദേശനയം മാനുഷിക പരിഗണനയിൽ അധിഷ്ഠിതമാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
റഷ്യ, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നാണ് ക്യൂബ പ്രധാനമായും ഇന്ധനം ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, ക്യൂബയ്ക്ക് ഇന്ധനം നൽകുന്ന രാജ്യങ്ങൾക്ക് മേൽ നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റിനെ യുഎസ് സൈന്യം പുറത്താക്കിയതും ഇന്ധന ലഭ്യതയെ ബാധിച്ചു. ക്യൂബയുടെ സ്വാധീനം കുറയ്ക്കുന്നതിനും ‘അമേരിക്ക ഫസ്റ്റ്’ നയം നടപ്പിലാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
കാനഡയുടെ ഈ നീക്കത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അനിത ആനന്ദ് അറിയിച്ചു. എന്നാൽ ഗ്ലോബൽ അഫയേഴ്‌സ് കാനഡ ഉദ്യോഗസ്ഥർ അമേരിക്കൻ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയതായി മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ക്യൂബയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കാനഡ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കാനഡയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada comes to Cuba’s aid: $8 million in financial assistance announced



