കാനഡയിൽ പൗരത്വ നിയമത്തിൽ വരുത്തുന്ന ഏറ്റവും പുതിയ ഭേദഗതികൾ നിയമമായാൽ, വിദേശത്ത് ജനിക്കുന്ന നിരവധി കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് ഇനി പൗരത്വം ലഭിക്കില്ല. പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ സി-3-യിൽ വരുത്തിയ ഏറ്റവും പുതിയ മാറ്റങ്ങൾ അനുസരിച്ച്, പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം വിദേശത്ത് ജനിക്കുന്നതോ ദത്തെടുക്കുന്നതോ ആയ രണ്ടാം തലമുറയിലെ കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മുൻപുള്ള ബില്ലിനേക്കാൾ കൂടുതൽ കർശനമാക്കി.
എന്നാൽ, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ രൂപത്തിൽ ബിൽ നിയമമാവുകയാണെങ്കിൽ ഇവർക്ക് കനേഡിയൻ പൗരത്വം ലഭിക്കാൻ അർഹതയുണ്ടാകും.
പുതിയ കർശന വ്യവസ്ഥകൾ
ഏറ്റവും പുതിയ ഭേദഗതികൾ അനുസരിച്ച്, വിദേശത്ത് ജനിക്കുന്ന രണ്ടാം തലമുറ പൗരന്മാർക്ക് പൗരത്വം ലഭിക്കണമെങ്കിൽ, കുട്ടി ജനിക്കുന്നതിന് അല്ലെങ്കിൽ ദത്തെടുക്കുന്നതിന് മുൻപുള്ള അഞ്ച് വർഷ കാലയളവിൽ അവരുടെ കനേഡിയൻ മാതാപിതാക്കൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കാനഡയിൽ താമസിച്ചിരിക്കണം.
ബില്ലിന്റെ ആദ്യ പതിപ്പിൽ, കനേഡിയൻ മാതാപിതാക്കൾ കാനഡയിൽ ചെലവഴിക്കേണ്ട മൂന്ന് വർഷത്തെ ഈ ‘സുപ്രധാന ബന്ധം തെളിയിക്കാനുള്ള ടെസ്റ്റ്’ (‘substantial connection to Canada test’) ഒരു അഞ്ച് വർഷ കാലയളവിനുള്ളിൽ തന്നെ ആയിരിക്കണം എന്ന് നിബന്ധനയുണ്ടായിരുന്നില്ല.
അധിക നിയന്ത്രണങ്ങൾ:
മുൻപത്തെ ബില്ലിൽ ഇല്ലാത്ത ചില അധിക നിയന്ത്രണങ്ങൾ കൂടി പുതിയ ഭേദഗതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:
സുരക്ഷാ വിലയിരുത്തൽ: മാതാപിതാക്കൾ മേൽപ്പറഞ്ഞ ‘സുപ്രധാന ബന്ധം’ തെളിയിക്കുന്ന ടെസ്റ്റ് വിജയിച്ചാൽ പോലും, പൗരത്വം തെളിയിക്കുന്നതിനായി അപേക്ഷിക്കുമ്പോൾ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾ ദേശീയ സുരക്ഷ, മനുഷ്യാവകാശ ലംഘനങ്ങൾ, ക്രിമിനൽ പശ്ചാത്തലം, സാമ്പത്തിക ഉപരോധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ വിലയിരുത്തുന്നതിനുള്ള പരിശോധനയ്ക്ക് വിധേയരാകണം.
ഭാഷയും സംസ്‌കാരവും: പൗരത്വം തെളിയിക്കാനായി അപേക്ഷിക്കുമ്പോൾ 18-നും 55-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ മതിയായ അറിവും, കാനഡയെക്കുറിച്ചും പൗരന്റെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും മതിയായ അറിവുണ്ടായിരിക്കണം.
നിലവിലെ നിയമം
നിലവിൽ 2009-ൽ പരിഷ്കരിച്ച പൗരത്വ നിയമം, പൗരത്വം ലഭിക്കുന്നതിന് “ഒന്നാം തലമുറ പരിധി” (First-Generation Limit – FGL) ഏർപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, കാനഡയിൽ ജനിച്ചവരുടെയ മക്കൾക്ക് പൗരത്വം ലഭിക്കുമെങ്കിലും, പാരമ്പര്യമായി പൗരത്വം ലഭിച്ചവരുടെ മക്കൾക്ക് പൗരത്വം ലഭിക്കുകയില്ല.
നിലവിലുള്ള ഈ FGL നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് 2023 ഡിസംബറിൽ ഒന്റാറിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കൂടുതൽ കർശനമായ FGL പതിപ്പ് അവതരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
മറ്റ് നിബന്ധനകൾ
ബിൽ സി-3 നിയമമായാൽ, പൗരത്വം ലഭിച്ചവരുടെ വാർഷിക റിപ്പോർട്ടും സുരക്ഷാ വിലയിരുത്തലുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടും ഇമിഗ്രേഷൻ മന്ത്രി പാർലമെന്റിൽ അവതരിപ്പിക്കണമെന്നും ഭേദഗതിയിൽ പറയുന്നുണ്ട്. പൗരത്വ നിയമത്തിലെ FGL ഭേദഗതി ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ സമയപരിധി 2025 നവംബർ 20 ആണ്. ബിൽ നിയമമാകുന്നതിന് പാർലമെന്റിന്റെ ഇരുസഭകളിലെയും മൂന്നാം വോട്ടെടുപ്പുകളിൽ പാസാകുകയും രാജകീയ അംഗീകാരം (Royal Assent) നേടുകയും വേണം.
ജനനത്തിലൂടെ പൗരത്വം (Birthright Citizenship)
കാനഡയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെ പൗരത്വം നൽകുന്ന നിലവിലെ ‘ജനനത്തിലൂടെയുള്ള പൗരത്വം’ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൺസർവേറ്റീവ് എം.പി. റെംപെൽ ഗാർണർ കൊണ്ടുവന്ന ഭേദഗതി കമ്മിറ്റി വോട്ടിനിട്ട് തള്ളി. മാതാപിതാക്കളിൽ ഒരാളെങ്കിലും കനേഡിയൻ പൗരനോ സ്ഥിര താമസക്കാരനോ ആണെങ്കിൽ മാത്രം പൗരത്വം നൽകിയാൽ മതി എന്നായിരുന്നു ഈ നിർദ്ദേശം. ലോകത്തിലെ പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള പരിമിതികളുണ്ട്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Amendments propose stricter criteria for citizenship by descent



