ഒട്ടാവ: ഇറാൻ-ഇസ്രായേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ കാനഡ സന്നദ്ധത അറിയിച്ചു. കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള ആഗോള ശ്രമങ്ങളിൽ പങ്കാളികളാകുമെന്ന് കാനഡ ഉൾപ്പെടെയുള്ള ഏഴ് പ്രമുഖ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. കാനഡയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്സ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇറാനെതിരെ നിലപാട് കടുപ്പിച്ചത്.
കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്നതും ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലൂടെ കപ്പലുകളെ തടയുന്നതും ഇറാൻ അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു. നിലവിൽ കടലിടുക്ക് പ്രായോഗികമായി അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണെന്ന് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. അതേസമയം, ഈ ദൗത്യത്തിൽ കാനഡയുടെ പങ്ക് എന്തായിരിക്കുമെന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ (PMO) നിന്ന് കൂടുതൽ വ്യക്തത വരാനുണ്ട്.
ലോകത്തെ ക്രൂഡ് ഓയിൽ നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. യുദ്ധം തുടങ്ങിയത് മുതൽ ഈ പാതയിലൂടെയുള്ള ഗതാഗതം ഭൂരിഭാഗവും തടസ്സപ്പെട്ടത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. കാനഡയിൽ നിലവിൽ പെട്രോൾ ലിറ്ററിന് 170 സെന്റ് എന്ന നിരക്കിലാണ് വിൽപന നടക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 സെന്റിലധികം കൂടുതലാണ്. കാനഡയുടെ രണ്ട് ചരക്ക് കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ ആയുധമാക്കുന്നതിനെതിരെ കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ശക്തമായ ഭാഷയിൽ പ്രതികരിച്ചു. എല്ലാ രാജ്യങ്ങളിലെയും കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ അവകാശമുണ്ടെന്ന് അവർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ജപ്പാൻ പോലുള്ള രാജ്യങ്ങൾക്ക് നിർണ്ണായകമാണെന്നും വിഷയത്തിൽ സഖ്യകക്ഷികൾ ജാഗ്രത പാലിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിലെ സംഘർഷം നീണ്ടുപോകുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.
canada-allies-ready-to-contribute-to-appropriate-efforts-on-strait-of-hormuz-blockage
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



