ഒന്റാറിയോ: വിഷാദരോഗം (Anxiety) ചികിത്സിക്കുന്ന കാര്യത്തിൽ കാനഡയിൽ ഒരു വഴിത്തിരിവായേക്കാവുന്ന പുതിയ ക്ലിനിക്കൽ ട്രയലിന് തുടക്കം. ‘മാന്ത്രിക കൂൺ’ (Magic Mushrooms) എന്നറിയപ്പെടുന്ന ഫംഗസിൽ കാണപ്പെടുന്ന സജീവ ഘടകമായ സൈലോസിബിൻ (Psilocybin) മൈക്രോ ഡോസായി (അത്യധികം കുറഞ്ഞ അളവ്) നൽകി ഉത്കണ്ഠാ രോഗത്തെ (Generalized Anxiety Disorder – GAD) ചികിത്സിക്കുന്നതിനായുള്ള പഠനം കാനഡയിൽ ആദ്യമായി കിംഗ്സ്റ്റൺ ഹെൽത്ത് സയൻസസ് സെന്ററിൽ (KHSC) ആരംഭിച്ചു.
തലച്ചോറിനെ പുതിയ രീതിയിൽ ഉണർത്തി, നിലവിലുള്ള മരുന്നുകളുടെ പ്രശ്നങ്ങളായ മയക്കമോ, വികാരങ്ങളെ മരവിപ്പിക്കലോ ഇല്ലാതെ ഉത്കണ്ഠ കുറയ്ക്കാൻ സൈലോസിബിന് കഴിയുമോ എന്നാണ് ഗവേഷകർ പഠിക്കുന്നത്. സാധാരണയായി കൂൺ കഴിക്കുമ്പോൾ ഉണ്ടാകുന്ന ലഹരിയോ, മിഥ്യാഭ്രമങ്ങളോ (Hallucinations) ഇല്ലാതെ ഉത്കണ്ഠ കുറയ്ക്കാൻ ഇതിന് സാധിക്കുമോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
ജി.എ.ഡി. ഉള്ള രോഗികളിൽ ഫലപ്രദമായ, പാർശ്വഫലങ്ങൾ കുറഞ്ഞ ചികിത്സകളുടെ ആവശ്യകതയുണ്ടെന്ന് പഠനത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും കെ.എച്ച്.എസ്.സിയിലെ മെന്റൽ ഹെൽത്ത് ആൻഡ് അഡിക്ഷൻ പ്രോഗ്രാമിലെ ഡോക്ടറുമായ ഡോ. ക്ലോഡിയോ സോറസ് പറഞ്ഞു. “എല്ലാവർക്കും ചികിത്സ ലഭ്യമല്ല, അതുപോലെ പലർക്കും ഉത്കണ്ഠയ്ക്കുള്ള മരുന്നുകൾ സഹിക്കാനുമാകില്ല. ലൈംഗിക പ്രശ്നങ്ങളോ, ശരീരഭാരം കൂടുന്നതോ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. അതിനാൽ പുതിയ ബദൽ ചികിത്സാ രീതികൾ ഞങ്ങൾ എപ്പോഴും തേടുന്നു,” ഡോ. സോറസ് കൂട്ടിച്ചേർത്തു.
എട്ട് ആഴ്ചകളിലായി നടക്കുന്ന ഈ പഠനത്തിൽ 60 പേർ വരെ പങ്കെടുക്കും. ഇവർ ദിവസവും വീട്ടിലിരുന്ന് സൈലോസിബിൻ ഡോസോ അല്ലെങ്കിൽ പ്ലാസിബോ (മരുന്നില്ലാത്ത വ്യാജ ഗുളിക) ഡോസോ കഴിക്കും. ആദ്യവാരം തന്നെ ചിലരിൽ ഉത്കണ്ഠ കുറഞ്ഞതായി കണ്ടത് പ്രോത്സാഹനകരമായ സൂചനയാണെന്ന് ഗവേഷകർ പറയുന്നു.
കാനഡയിൽ 1.6 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന രോഗമാണ് ജി.എ.ഡി. ഈ ട്രയൽ വിജയിക്കുകയാണെങ്കിൽ, ഉത്കണ്ഠയുള്ളവർക്ക് സുരക്ഷിതവും കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഒരു പുതിയ ചികിത്സാ മാർഗ്ഗത്തിന് ഇത് വാതിൽ തുറക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
camh-receives-first-canadian-federal-grant-to-study-psilocybin
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



