കാൽഗറിയിലെ ഗവേഷകർ കടുത്ത ശൈത്യകാലത്തെ അതിജീവിക്കുന്ന പുതിയ തരം ആസ്ഫാൾട്ടുമായി (Tar) രംഗത്ത് . ഈ ഗവേഷണം റോഡുകളുടെ ആയുസ്സ് വർധിപ്പിക്കാനും, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കുറയ്ക്കാനും,പതിവായ റോഡ് പരിപാലനത്തിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
യൂകാൽഗറിയിലെ ബിറ്റുമിനസ് മെറ്റീരിയൽസ് ഗവേഷണ ചെയർമാനായ മാർട്ടിൻ ജാസോയുടെ നേതൃത്വത്തിൽ, ഏകദേശം പത്ത് ഗവേഷകരുടെ സംഘം ആസ്ഫാൾട്ട് ബൈൻഡറുകൾ ശക്തിപ്പെടുത്താൻ സിന്തറ്റിക് പോളിമറുകളും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുകളും ഉപയോഗിച്ച് പരീക്ഷണം നടത്തിവരികയാണ്. “ആസ്ഫാൾട്ട് സവിശേഷതകളിലെ ചെറിയ മെച്ചപ്പെടുത്തലുകൾ പോലും പേവ്മെന്റ് ആയുസ്സ് ഗണ്യമായി വർധിപ്പിക്കാൻ കഴിയും”, ഇത് നികുതിദായകർക്കും പരിസ്ഥിതിക്കും നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷകർ നേരിടുന്ന ഒരു പ്രധാന പ്രശ്നം കാൽഗറിയിലെ തുടരെയുള്ള താപനില മാറ്റമാണ്. ചൂടും തണുപ്പും ഇടയ്ക്കിടെ മാറുന്നതും – വെള്ളം ഉറഞ്ഞ് വീണ്ടും ഉരുകുന്നതും – സാധാരണ ടാറിന് വലിയ തോതിൽ കേടുപാടുകൾ ഉണ്ടാക്കുന്നു.അവരുടെ പുതിയ ടാർ ഇപ്പോൾ തന്നെ സെനോവസ് എന്ന എണ്ണ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.
നഗരത്തിലെ വാഹനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡിലെ കുഴികൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ഗവേഷകർ വിശദീകരിക്കുന്നു. ആദ്യം മഴവെള്ളം റോഡിലെ ചെറിയ വിള്ളലുകളിലൂടെ അകത്തേക്ക് കയറി ,പിന്നീട് തണുപ്പുകാലത്ത് ഈ വെള്ളം മരവിച്ച് വികസിക്കുന്നു. ഇത് റോഡിന്റെ ഉപരിതലം വിള്ളലാക്കി മാറ്റുകയും ചെയ്യുന്നു.അവസാനം വാഹനങ്ങളുടെ നിരന്തര സമ്മർദ്ദത്താൽ പൊട്ടിപ്പോകുകയും, അങ്ങനെ കുഴികൾ രൂപപ്പെടുകയും ചെയ്യുന്നു.2024-ൽ മാത്രം ഏകദേശം 38,000 അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. ഇത് കൂടുതൽ കാലം നിലനിൽക്കുന്ന റോഡ് നിർമ്മാണ സാമഗ്രികളുടെ അടിയന്തിര ആവശ്യകത വ്യക്തമാക്കുന്നു.



