കാൽഗറി : കാൽഗറിയിലെ ചൈനീസ് കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ചൈനീസ് പുതുവത്സരാഘോഷത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കുചേർന്നു. ‘Year of the Horse’ പ്രമാണിച്ചുള്ള ആഘോഷങ്ങൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചൈനീസ് കമ്മ്യൂണിറ്റിക്കൊപ്പം ഒത്തുചേർന്നു. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ആഘോഷനഗരി സന്ദർശിക്കുകയും ഭാഗ്യസൂചകമായ ‘lucky red envelopes’ വിതരണം ചെയ്യുകയും ചെയ്തു. ചൈനയിലെ ഏറ്റവും വലിയ അവധിക്കാലമായ പുതുവത്സരം കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സുപ്രധാന അവസരമാണെന്ന് കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റ് ടോണി വോങ് അറിയിച്ചു.
ഡ്രാഗൺ ഡാൻസ്, ലയൺ ഡാൻസ്, മാർഷൽ ആർട്സ് പ്രകടനങ്ങൾ, പരമ്പരാഗത നാടോടി നൃത്തം, സംഗീതം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന പുതുവത്സര വിപണിയും സെന്ററിൽ സജ്ജീകരിച്ചിരുന്നു. ചൈനയിൽ പത്ത് ദിവസം നീളുന്ന ആഘോഷങ്ങൾ കാല്ഗറിയിൽ മാസത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും വാരാന്ത്യങ്ങളിലായാണ് നടക്കുന്നത്. പുതിയ തലമുറയ്ക്ക് തങ്ങളുടെ സംസ്കാരം പരിചയപ്പെടുത്താൻ ഇത്തരം ഒത്തുചേരലുകൾ സഹായിക്കുമെന്ന് ആഘോഷങ്ങളിൽ പങ്കെടുത്തവർ വ്യക്തമാക്കി.
ഊർജ്ജസ്വലതയുടെയും വിജയത്തിന്റെയും പ്രതീകമായാണ് കുതിരയുടെ വർഷത്തെ ചൈനീസ് വിശ്വാസപ്രകാരം കണക്കാക്കുന്നത്. കുതിര എത്തുന്നതോടെ ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാകുമെന്നാണ് പറയപ്പെടുന്നതെന്ന് ടോണി വോങ് വിശദീകരിച്ചു. ചൈനീസ് വംശജർക്ക് പുറമെ ഒട്ടേറെ കനേഡിയൻ പൗരന്മാരും ആഘോഷങ്ങളിൽ താല്പര്യപൂർവ്വം പങ്കെടുത്തു. ചൈനീസ് കൾച്ചറൽ സെന്ററിൽ അടുത്ത വാരാന്ത്യത്തിലും പുതുവത്സരാഘോഷങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Thousands of people joined the annual Chinese New Year celebration at the Chinese Cultural Centre in Calgary.



