പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ. റോയിയുടെ സംസ്കാര ചടങ്ങുകൾ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന ബന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള കാസ്കേഡ് റിസോർട്ടിൽ പൂർത്തിയായി. കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ മരണാനന്തര ശുശ്രൂഷകൾക്ക് ശേഷമാണ് ഭൗതികദേഹം റിസോർട്ടിലേക്ക് എത്തിച്ചത്. തന്റെ ഇഷ്ടഭൂമിയായ ഇവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളണമെന്നത് റോയിയുടെ നേരത്തെയുള്ള ആഗ്രഹമായിരുന്നു.
സംസ്കാരത്തിന് മുന്നോടിയായി, സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കാണപ്പെട്ട കോൺഫിഡന്റ് ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ വിലാപയാത്ര അൽപ്പനേരം നിർത്തിയിട്ടു. പ്രിയപ്പെട്ടവന്റെ അവസാന യാത്രയിൽ അമ്മയും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള ബന്ധുക്കൾ നിറകണ്ണുകളോടെ പങ്കുചേർന്നു. ആദായനികുതി റെയ്ഡിനിടെയുണ്ടായ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലായിരുന്നു അവിടെ തടിച്ചുകൂടിയവരേവരും.
ബിസിനസ്, രാഷ്ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്‌ഡി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി.കെ. പ്രകാശ്, അവതാരകൻ മിഥുൻ രമേശ് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പോരാളിയുടെ മടക്കം വിങ്ങുന്ന ഓർമ്മയായി മാറി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
C.J. Roy rests in his beloved land as he wished; Funeral rites completed


