ടോറന്റോയിൽ അസഹനീയമായ ചൂടും ഈർപ്പവും തുടരുന്നതിനാൽ, എൻവയൺമെന്റ് കാനഡ ഈ മാസത്തിലെ മൂന്നാം ഹീറ്റ് വാണിങ് പുറത്തിറക്കി. അടുത്ത വ്യാഴാഴ്ച വരെ ഈ ചൂട് അതേ തീവ്രതയിൽ തുടരുമെന്നാണ് കാലാവസ്ഥാ ഏജൻസി അറിയിച്ചത്. താപനില 32 ഡിഗ്രി സെൽഷ്യസിനടുത്തെത്തുകയും ഹ്യുമിഡെക്സ് 40 വരെ ഉയരുകയും ചെയ്യുമെന്ന് കണക്കാക്കുന്നു. ഈ ഉഷ്ണതരംഗത്തിന്റെ ഏറ്റവും ഉയർന്ന താപനില ഇന്നാകുമെന്നും പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.
ഛർദ്ദി, തലകറക്കം, കടുത്ത ക്ഷീണം, അസ്വസ്ഥത തുടങ്ങിയവയാണ് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന ലക്ഷണങ്ങൾ. വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ശനിയാഴ്ച താപനില 32°C വരെ ഉയരുകയും ഹ്യുമിഡെക്സ് 40 ആയി അനുഭവപ്പെടുകയും ചെയ്യും. രാത്രിയിൽ 40% മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച 30°C താപനിലയും 38 ഹ്യുമിഡെക്സും പ്രതീക്ഷിക്കുന്നു, 30% മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഉഷ്ണതരംഗത്തെ നേരിടാൻ ടോറന്റോ നഗരസഭ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. Alex Duff Memorial Pool, Fairbank Memorial Pool, McGregor Park Pool, Monarch Park Pool, North Toronto Memorial Community Centre Pool, Smithfield Park Pool, Sunnyside-Gus Ryder Outdoor Pool എന്നീ പൊതു നീന്തൽക്കുളങ്ങൾ രാത്രി 11:45 വരെയും Halbert Park Pool രാത്രി 9 മണി വരെയും പ്രവർത്തിക്കും. കൂടാതെ, മെട്രോ ഹാൾ വെള്ളിയാഴ്ച രാത്രി 7 മണി മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂളിംഗ് സെന്ററായിരിക്കും.
കൂളിംഗ് സെന്ററുകൾക്ക് പുറമെ, നോർത്ത് യോർക്ക് സിവിക് സെന്റർ, സ്കാർബറോ സിവിക് സെന്റർ, എറ്റോബിക്കോക്ക് സിവിക് സെന്റർ, യോർക്ക് സിവിക് സെന്റർ, ഈസ്റ്റ് യോർക്ക് സിവിക് സെന്റർ തുടങ്ങിയ വിവിധ സിവിക് സെന്ററുകൾ രാവിലെ മുതൽ രാത്രി 9:30 വരെ ചൂട് കുറയ്ക്കാൻ കഴിയുന്ന സ്ഥലങ്ങളായി പ്രവർത്തിക്കും. എയർ കണ്ടീഷൻ സൗകര്യമില്ലാത്തവർക്ക് നഗരത്തിലെ ലൈബ്രറികളും കമ്മ്യൂണിറ്റി സെന്ററുകളും തണുപ്പുള്ള പാർക്കുകളും സന്ദർശിക്കാവുന്നതാണെന്നും നഗരസഭ അറിയിച്ചു.



