എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥക്ക് കനത്ത തിരിച്ചടിയായി ആൽബർട്ടയിലെ ബജറ്റ് കമ്മി ഉയരുന്നു. എണ്ണവിലയിലുണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണം. ഈ സാമ്പത്തിക വർഷാവസാനത്തോടെ ബജറ്റ് കമ്മി 6.5 ബില്യൺ ഡോളറായി ഉയരുമെന്ന് ആൽബർട്ടയുടെ ധനമന്ത്രി നേറ്റ് ഹോർണർ അറിയിച്ചു. മുൻപ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 1.3 ബില്യൺ ഡോളറിന്റെ വർധനവാണ് ഇത്. കഴിഞ്ഞ വർഷം 8.3 ബില്യൺ ഡോളറിന്റെ മിച്ച ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു വലിയ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുന്നത്.
വിലയിലുണ്ടായ കുറവിനും യുഎസ് ട്രേഡ് പോളിസിയിലെ അനിശ്ചിതത്വങ്ങൾക്കും പുറമെ യൂണിയനുകളുമായുള്ള പുതിയ കരാറുകളും ആൽബർട്ടയുടെ സാമ്പത്തിക നിലയെ ബാധിച്ചിട്ടുണ്ട്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) എണ്ണവിലയിൽ ഓരോ ഡോളർ കുറയുമ്പോഴും ആൽബർട്ടയുടെ വരുമാനത്തിൽ 750 മില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടാകുന്നത്. ഫെബ്രുവരിയിൽ 2025-ലെ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ഒരു ബാരലിന് 4 ഡോളറിൽ കൂടുതൽ വില കുറഞ്ഞതായി ആൽബർട്ട വ്യക്തമാക്കി.
സാമ്പത്തികമായി വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ബജറ്റ് നയങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് നേറ്റ് ഹോർണർ പറഞ്ഞു. സാമ്പത്തിക സ്ഥിരത നിലനിർത്തേണ്ടത് പ്രധാനമാണ്. നിരവധി ആൽബർട്ടക്കാർ ഉയർന്ന പലവ്യഞ്ജന ബില്ലുകളും വാടകയും കാരണം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളെല്ലാം ഒറ്റക്കെട്ടായി നേരിടുമെന്നും, ബജറ്റ് കമ്മി ഉയർന്നാലും ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പ് വരെ ബജറ്റ് കമ്മി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Alberta's financial crisis deepens: Budget shortfall hits $6.5 billion



