കാനഡയിലെ വിനിപ്പെഗിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ യുവതി തൻപ്രീത് ഇന്ത്യയിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു.
ജൂൺ 22 അർദ്ധരാത്രിയോടെ ഓസ്ബോൺ വില്ലേജിലെ അപ്പാർട്ട്മെന്റിന് സമീപത്ത് വച്ച് അപരിചിതർ യുവതിയെ മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം.
യുവതിയുടെ യഥാർത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല.
“പിന്നിലൂടെ ആരോ ഓടിവരുന്നത് കേട്ടു. എന്നെ തള്ളി നിലത്തിട്ടു. പിന്നെ ക്രൂരമായി മർദിച്ചു – പുറത്തും വയറിലും കാലിലും ഇടത് കണ്ണിലും കുത്തി” തൻപ്രീത് പറഞ്ഞു.
ആക്രമികൾ അവളുടെ ഫോൺ, ക്രെഡിറ്റ് കാർഡുകൾ, തിരിച്ചറിയൽ പേപ്പറുകൾ എന്നിവ കവർന്നെടുത്തു. ബോധം നഷ്ടപ്പെട്ട് ആംബുലൻസിൽ വച്ച് ബോധം വന്നപ്പോൾ മരിക്കുമെന്ന് കരുതിയെന്ന് അവർ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്നവരുടെ ഇടപെടലാണ് ആക്രമണം നിർത്തിയതെന്ന് പോലീസ് പറഞ്ഞു. അവർ 911-ൽ വിളിച്ച് പോലീസിനെ അറിയിച്ചു.
കൂടുതൽ തെളിവുകൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുള്ള പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. മോഷണം, ഗുരുതരമായ ആക്രമണം, റിലീസ് ഓർഡർ ലംഘനം എന്നിവയുൾപ്പെടെ ഏഴ് കുറ്റങ്ങളാണ് അവൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
തൻപ്രീത് ഒന്നിലധികം സർജറികൾക്കും കണ്ണിന്റെ പ്രത്യേക ചികിത്സയ്ക്കും വിധേയയായി. ആക്രമണത്തിന്റെ ആഘാതത്തിൽ ആത്മവിശ്വാസം തകർന്ന അവൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. സഹോദരി രമൺദീപ് ആശുപത്രിയിൽ അവളോടൊപ്പമുണ്ട്. “അവൾ സ്വപ്നങ്ങളോടെയാണ് ഇവിടെ വന്നത്, ഭയത്തോടെയല്ല,” രമൺദീപ് പറഞ്ഞു. നീതിയും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.



