സുന്ദരനാകാനുള്ള ആഗ്രഹം യുവാവിന്റെ ജീവനെടുത്തു. ഹെയർ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്കായി തുർക്കിയിലെത്തിയ വിദേശ പൗരൻ മരിച്ചെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് അധ്യാപകനും രണ്ട് കുട്ടികളുടെ പിതാവുമായ മാർട്ടിൻ ലാച്ച്മാൻ (38) ആണ് മരണത്തിന് കീഴടങ്ങിയത്. ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയക്കായി തുർക്കിയിലെ ഇസ്താംബൂളിലെത്തിയ ലാച്ച്മാൻ, ശസ്ത്രക്രിയക്കിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇസ്താംബൂളിലെ ബെസിക്റ്റാസിലുള്ള സിനിക് ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇസ്താംബൂൾ പ്രവിശ്യാ ആരോഗ്യ ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ക്ലിനിക്കിലെ ജീവനക്കാരെയും ഡോക്ടർമാരെയും ആരോഗ്യ ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സംഭവം തുർക്കിയിലെ വൈദ്യശാസ്ത്ര ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത ലാച്ച്മാൻ അതിന്റെ ഫലത്തിൽ വളരെ സന്തോഷവാനായിരുന്നു. കൂടുതൽ മുടി വെച്ചുപിടിപ്പിക്കാനായിട്ടാണ് ഇത്തവണ വീണ്ടും തുർക്കിയിലേക്ക് വന്നത്. എല്ലാ പരിശോധനകളും കൃത്യമായി നടത്തിയാണ് ലാച്ച്മാൻ ശസ്ത്രക്രിയക്കായി തയ്യാറെടുത്തത്.
രക്തപരിശോധന, എക്സ്-റേ, ഇസിജി എന്നിവയെല്ലാം നോർമൽ ആയിരുന്നു. അനസ്തേഷ്യ ഡോക്ടറുടെ അനുമതിയോടെയാണ് ശസ്ത്രക്രിയക്ക് ഒരുങ്ങിയത്. എന്നാൽ, ശസ്ത്രക്രിയ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് ലാച്ച്മാൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ലിനിക്കിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് സിനിക് ക്ലിനിക്ക് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
ബ്രിട്ടണിലെ പ്രശസ്തമായ ഒരു സ്കൂളിലെ മുൻ അസിസ്റ്റന്റ് ഹെഡ് ടീച്ചർ, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ തലവൻ… അങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരാളായിരുന്നു മാർട്ടിൻ ലാച്ച്മാൻ. മിൽട്ടൺ കെയ്ൻസിൽ താമസിച്ചിരുന്ന ലാച്ച്മാൻ, കമ്പ്യൂട്ടർ സയൻസിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയിരുന്നു. കഴിഞ്ഞ വർഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്ററായി ജോലിയിൽ പ്രവേശിച്ചതായിരുന്നു.
ജീവിതത്തിൽ നിറയെ സ്വപ്നങ്ങളുള്ള ഒരു വ്യക്തി, അകാലത്തിൽ മരണത്തിന് കീഴടങ്ങിയത് സുഹൃത്തുക്കളെയും കുടുംബത്തെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ലാച്ച്മാന്റെ മൃതദേഹം ഇപ്പോൾ ബ്രിട്ടണിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ലാച്ച്മാന്റെ മരണത്തെ തുടർന്ന് ഇസ്താംബൂൾ പ്രവിശ്യയിലെ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ക്ലിനിക്കിലെ ഡോക്ടർമാരെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ശസ്ത്രക്രിയക്ക് മുൻപുള്ള പരിശോധനകളിൽ എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്നും ക്ലിനിക്കിന്റെ മറ്റ് രേഖകളും അധികൃതർ പരിശോധിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ ചികിത്സകൾക്കായി വിദേശികൾ തുർക്കിയിലേക്ക് വരുന്നത് പതിവാണ്. എന്നാൽ, ഈ സംഭവം മെഡിക്കൽ ടൂറിസത്തിന് ഒരു തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും തുർക്കിയിലെ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വിദേശികളെ ആകർഷിക്കുന്ന തുർക്കിയിലെ മെഡിക്കൽ ടൂറിസത്തിന് ഈ സംഭവം വലിയൊരു തിരിച്ചടിയായേക്കാം. എന്തായാലും സത്യം പുറത്തുവരാൻ കാത്തിരിക്കുകയാണ് ലാച്ച്മാന്റെ കുടുംബവും സുഹൃത്തുക്കളും.
Beauty treatment centers in Turkey set up death traps?; British teacher reportedly dies during hair transplant surgery



