ലണ്ടൻ: ബ്രിട്ടീഷ് കറൻസിയായ പൗണ്ട് നോട്ടുകളിൽ വലിയ പരിഷ്കാരങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വരും വർഷങ്ങളിൽ പുറത്തിറങ്ങുന്ന പുതിയ സീരീസ് നോട്ടുകളിൽ വില്യം ഷേക്സ്പിയർ, വിൻസ്റ്റൺ ചർച്ചിൽ തുടങ്ങിയ പ്രമുഖ ചരിത്രപുരുഷന്മാർക്ക് പകരം ബ്രിട്ടീഷ് വന്യജീവികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. സുരക്ഷാ പരിശോധനകൾക്കും ആധികാരികത ഉറപ്പാക്കാനും പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കൂടുതൽ അനുയോജ്യമാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതർ വ്യക്തമാക്കി.
1960-ൽ എലിസബത്ത് രാജ്ഞിയുടെ ചിത്രം നോട്ടുകളിൽ പതിപ്പിച്ചു തുടങ്ങിയതിന് ശേഷം 1970-ലാണ് വില്യം ഷേക്സ്പിയർ ആദ്യമായി നോട്ടുകളിൽ സ്ഥാനം പിടിച്ചത്. പിന്നീട് ജെയ്ൻ ഓസ്റ്റൺ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ ഈ പട്ടികയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ പുതിയ മാറ്റമനുസരിച്ച് ചരിത്രപുരുഷന്മാർക്ക് പകരം ബ്രിട്ടന്റെ വൈവിധ്യമാർന്ന വന്യജീവി സമ്പത്തിനാകും പ്രാധാന്യം നൽകുക. അതേസമയം പുതിയ നോട്ടുകളിലും ചാൾസ് രാജാവിന്റെ ചിത്രം നിലവിലുള്ളതുപോലെ തന്നെ തുടരും.
നോട്ടുകളുടെ ഡിസൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പൊതുജനാഭിപ്രായ സർവേയിൽ ഭൂരിഭാഗം ആളുകളും പ്രകൃതി എന്ന പ്രമേയത്തെയാണ് പിന്തുണച്ചത്. 44,000 പേർ പങ്കെടുത്ത സർവേയിൽ 60 ശതമാനം ആളുകളും വന്യജീവികളെ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിൽ കണ്ടുവരുന്ന തനതായ വന്യജീവികളെ മാത്രമാകും പുതിയ നോട്ടുകളിൽ ഉൾപ്പെടുത്തുക. ഏതെല്ലാം മൃഗങ്ങളെ നോട്ടുകളിൽ വേണമെന്ന കാര്യത്തിൽ വരും മാസങ്ങളിൽ പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
British pound notes to feature wildlife instead of historical figures



