ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ ലോസ് ഏഞ്ചലസിലെ വീട്ടിൽ മോഷണം. മൂന്നംഗ സംഘമാണ് വീട് തകർത്ത് അകത്ത് കടന്ന് മോഷണം നടത്തിയത്. ലോസ് ഫെലിസിലുള്ള വീട്ടിൽ ബുധനാഴ്ച രാത്രിയോടെയാണ് മോഷണം നടന്നതെന്ന് ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
പോലീസ് മോഷണം നടന്ന വീട് ബ്രാഡ് പിറ്റിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നൽകിയിരിക്കുന്ന വിലാസം 2023-ൽ നടൻ വാങ്ങിയ വീടിന്റേതാണ്. മോഷണശേഷം മോഷ്ടാക്കൾ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞതായി അധികൃതർ അറിയിച്ചു. എന്നാൽ എന്തൊക്കെ സാധനങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ല. മോഷണം നടന്ന സമയത്ത് ബ്രാഡ് പിറ്റ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ ചിത്രം ‘F1’-ന്റെ ലണ്ടൻ പ്രീമിയറിനായി ബ്രാഡ് പിറ്റ് ഈ ആഴ്ചയുടെ തുടക്കത്തിൽ യുകെയിൽ ആയിരുന്നു. ടോം ക്രൂയിസും, ഏഴ് ഫോർമുല വൺ ലോക ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് നേടിയ ലൂയിസ് ഹാമിൽട്ടണും അദ്ദേഹത്തോടൊപ്പം പ്രീമിയറിനുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 10:30-ഓടെയാണ് മോഷണം നടന്നതെന്ന് അധികൃതർ അറിയിച്ചു. മോഷണം പോയ സാധനങ്ങളുടെ മൂല്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ബ്രാഡ് പിറ്റിന്റെ പ്രതിനിധികളുമായി മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. മൂന്ന് കിടപ്പുമുറികളുള്ള ഈ വലിയ വീട് പ്രശസ്തമായ ഹോളിവുഡ് സൈനിന്റെ സമീപത്തുള്ള ഗ്രിഫിത്ത് പാർക്കിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. വലിയ വേലിയും പച്ചപ്പും വീടിനെ പൊതുജനങ്ങളുടെ കാഴ്ചയിൽ നിന്ന് മറയ്ക്കുന്നുണ്ട്.
നിക്കോൾ കിഡ്മാൻ, കെയ്ത്ത് അർബൻ തുടങ്ങിയ മറ്റ് സെലിബ്രിറ്റികളെയും ലക്ഷ്യം വെച്ച് നഗരത്തിൽ അടുത്തിടെ നിരവധി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ബ്രാഡ് പിറ്റിന്റെ മുൻ ഭാര്യ ജെന്നിഫർ ആനിസ്റ്റണിന്റെ വീടിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.



