വെൽഷ്‌ടൗൺ: നോവ സ്കോഷ്യയിൽ മൂന്ന് നായകളുടെ ആക്രമണത്തിനിരയായ 13 വയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഷെൽബേൺ കൗണ്ടിയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. കുട്ടിയുടെ മരണം ഷെൽബേൺ മുനിസിപ്പാലിറ്റിയും സ്കൂൾ അധികൃതരും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകുന്നേരം 5.10-ഓടെ അപ്പർ സാൻഡി കോവ് റോഡിലൂടെ സൈക്കിൾ ചവിട്ടി പോകുകയായിരുന്നു കുട്ടി. ഇതിനിടയിൽ സമീപത്തെ ഒരു പറമ്പിൽ നിന്നെത്തിയ മൂന്ന് നായകൾ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗ്ഗം ഹാലിഫാക്സിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഷെൽബേൺ റീജിയണൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച 13കാരൻ. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ സഹപാഠികളും അധ്യാപകരും വലിയ ആഘാതത്തിലാണ്. വിദ്യാർത്ഥികളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനായി സ്കൂളുകളിൽ കൗൺസിലർമാരുടെയും മനഃശാസ്ത്രജ്ഞരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടിയെ ആക്രമിച്ച മൂന്ന് നായകളെയും പിന്നീട് ദയാവധത്തിന് വിധേയമാക്കി. പ്രദേശത്തെ നടുക്കിയ ഈ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
boy who was attacked by 3 dogs dies from injuries



