ന്യൂഫൗണ്ട്‌ലാൻഡിലെ ബോണവിസ്റ്റ നഗരം കടുത്ത ജലക്ഷാമത്തിൽ. നീണ്ട കാലത്തെ വരണ്ട കാലാവസ്ഥയും മഴയുടെ കുറവുമാണ് നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കുടിവെള്ളം, ശുചീകരണം, അടിയന്തര ആവശ്യങ്ങൾ എന്നിവയൊഴികെ മറ്റ് ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നതിന് നഗരം കർശന നിയന്ത്രണം ഏർപ്പെടുത്തി. ജലസംഭരണിയിലെ വെള്ളത്തിന്റെ അളവ് പ്രധാന പൈപ്പിനേക്കാൾ കേവലം രണ്ടരയടി മാത്രം ഉയരത്തിലായതോടെയാണ് അധികൃതർ അടിയന്തര നടപടികളിലേക്ക് കടന്നത്. ഈ സാഹചര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഇത്രയും ഗുരുതരമായ ജലനിരപ്പ് മുൻപ് ഉണ്ടായിട്ടില്ലെന്നും നഗരസഭ മേയർ ജോൺ നോർമൻ അറിയിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അധികൃതർ എല്ലാ ദിവസവും ജലസംഭരണിയിലെ ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. കാറുകൾ കഴുകുക, പുൽത്തകിടി നനയ്ക്കുക, കുളങ്ങൾ നിറയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്കായി വെള്ളം ഉപയോഗിക്കരുതെന്ന് നഗരസഭയുടെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പല്ല് തേയ്ക്കുമ്പോൾ ടാപ്പുകൾ അടച്ചിടാനും, ഷവറുകൾ ഒഴിവാക്കി സംഭരിച്ച വെള്ളം ഉപയോഗിച്ച് കുളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, കൂടുതൽ വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങളോടും സന്ദർശകരോടും ജല ഉപയോഗം പരിമിതപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.
പല നഗരങ്ങളിലും ഈ വേനൽക്കാലത്ത് ജലസംഭരണികൾ വറ്റി വരണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ജലവിതരണം നിലച്ചതിനെ തുടർന്ന് സണ്ണിസൈഡ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നതായും വാർത്തകളിൽ പറയുന്നു. ബോണവിസ്റ്റയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ മഴ ലഭിച്ചെങ്കിലും, ജലസംഭരണി നിറയാൻ അത് പര്യാപ്തമായിരുന്നില്ല. നിലവിലെ ജലപ്രതിസന്ധി പരിഹരിക്കാൻ തുടർച്ചയായി ആഴ്ചകളോളം വലിയ മഴ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് മേയർ കൂട്ടിച്ചേർത്തു.
Bonavista in the grip of drought; strict water restrictions in the city



