ഗ്രേറ്റ് ലേക്ക്സിൽ ഗവേഷണം നടത്തുന്ന ‘ബ്ലൂ ഹെറോൺ’ എന്ന കപ്പലിൽനിന്ന് കറുത്ത നിറത്തിലുള്ള ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. ടാറിനോട് സാമ്യമുള്ള ഈ ദ്രാവകം എന്താണെന്ന് മനസ്സിലാക്കാൻ കപ്പലിലെ ജീവനക്കാർ അത് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അമ്പരപ്പിക്കുന്ന കണ്ടെത്തലുണ്ടായത്. സാധാരണയായി ജീവികളൊന്നും ഉണ്ടാകാൻ സാധ്യതയില്ലാത്ത ഒരിടത്ത്, അതായത് കപ്പലിന്റെ റഡ്ഡർ ഷാഫ്റ്റിൽനിന്ന് (ദിശ നിയന്ത്രിക്കുന്ന ഭാഗം) പുറത്തുവന്ന ഈ ദ്രാവകത്തിൽ പുതിയതരം സൂക്ഷ്മാണുക്കൾ ഉൾപ്പെടെയുള്ള അനേകം ജീവിവർഗ്ഗങ്ങൾ തിങ്ങിനിറഞ്ഞിരുന്നു.
കപ്പലിന്റെ റഡ്ഡർ ഷാഫ്റ്റിൽനിന്ന് ഈ ദ്രാവകം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ഗവേഷകർക്ക് കൃത്യമായ ധാരണയില്ല. മുപ്പത് വർഷം മുമ്പ് ഉപയോഗിച്ച ഏതെങ്കിലും ലൂബ്രിക്കൻ്റുകൾ കാരണമാകാമെന്നും, അന്ന് മുതൽ ഈ ജീവികൾ അവിടെ വളർന്നിരിക്കാമെന്നും അവർ കരുതുന്നു. ഓക്സിജൻ ലഭിക്കാത്ത ചുറ്റുപാടാണ് ഇതിനുള്ളിലുണ്ടായിരുന്നത്. എന്നിട്ടും ഈ സൂക്ഷ്മാണുക്കൾ അവിടെ അതിജീവിച്ചു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി. കൂടാതെ, ഈ ദ്രാവകത്തിലെ ചില ഡി.എൻ.എ സാമ്പിളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ കണ്ടെത്തിയ മറ്റ് സൂക്ഷ്മാണുക്കളുമായി സാമ്യമുള്ളതാണെന്നും ഗവേഷകർ കണ്ടെത്തി.
ഈ കറുത്ത ദ്രാവകത്തെക്കുറിച്ച് ഇനിയും പല കാര്യങ്ങൾ അറിയാനുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ സൂക്ഷ്മാണുക്കൾ കപ്പലിന്റെ സ്റ്റീൽ ഭാഗങ്ങൾ നശിപ്പിക്കാൻ ശേഷിയുള്ളതാണോ എന്നും, എങ്ങനെയാണ് അവ അവിടെയെത്തിയത് എന്നും കണ്ടെത്തേണ്ടതുണ്ട്. എങ്കിലും, ഈ കണ്ടെത്തലിന് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. ഈ സൂക്ഷ്മാണുക്കളിലെ ചില ജീവികൾക്ക് ബയോഫ്യൂവൽ ഉത്പാദനത്തിന് സഹായകമായ മീഥേൻ നിർമ്മിക്കാൻ കഴിയുമെന്നാണ് നിഗമനം. ഈ നിഗൂഢ ദ്രാവകത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും വിവരങ്ങളും ഉടൻതന്നെ ഒരു ഗവേഷണ പ്രബന്ധത്തിലൂടെ പുറത്തുവിടുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
Black liquid leaked from ship: Shocking information found during investigation



