തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുന്നതിനിടെ, ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങും. ആകെയുള്ള 140 മണ്ഡലങ്ങളിൽ 86 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ ഇതിനോടകം രണ്ട് ഘട്ടങ്ങളിലായി പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി പത്തോളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടിയാണ് എൻഡിഎ മുന്നണിയിൽ ബിജെപിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ളത്. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര തുടങ്ങിയ നിർണ്ണായക സീറ്റുകളിൽ ആര് മത്സരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
കഴിഞ്ഞ ദിവസം പുറത്തുവിട്ട 39 പേരുടെ രണ്ടാം പട്ടികയിൽ പ്രമുഖ നേതാക്കളും പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആറന്മുളയിൽ നിന്നും, ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ നിന്നും ജനവിധി തേടും. കൊടുങ്ങല്ലൂരിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ബി. ഗോപാലകൃഷ്ണനെ ഗുരുവായൂരിലും, അടുത്തിടെ സിപിഐ വിട്ട എംഎൽഎ സി.സി. മുകുന്ദനെ നാട്ടികയിലും ബിജെപി സ്ഥാനാർത്ഥികളാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് കെ. രഞ്ജിത്താണ് മത്സരിക്കുന്നത്.
തലസ്ഥാനത്തെ രാഷ്ട്രീയ ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. തിരുവനന്തപുരം സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ, ഇടത് മുന്നണിയിൽ പൊതുസമ്മതനായ സ്വതന്ത്രനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ജനാധിപത്യ കേരള കോൺഗ്രസിനോട് ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ളയുടെ പേര് ചർച്ചകളിൽ വന്നെങ്കിലും സാധ്യത കുറവാണെന്നാണ് സൂചന. അതേസമയം, യുഡിഎഫിനായി സിഎംപി നേതാവ് സി.പി. ജോൺ ആണ് ഇവിടെ മത്സരിക്കുന്നത്.
യുഡിഎഫ് പാളയത്തിൽ പെരുമ്പാവൂരിലെ സ്ഥാനാർത്ഥി നിർണ്ണയം വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തിയിലായ എൽദോസ് കുന്നപ്പിള്ളി ഇന്ന് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയേക്കും. പെരുമ്പാവൂരിൽ മനോജ് മൂത്തേടനെയാണ് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രവർത്തകരുമായി ആലോചിച്ച് സ്വതന്ത്രനായി മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ എൽദോസ് ഇന്ന് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
BJP’s third list soon; around ten constituencies eagerly waiting
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



