കൊച്ചി: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും രാഷ്ട്രീയ പ്രചാരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. റെയിൽവേ, ദേശീയപാത, പെട്രോളിയം മേഖലകളിലായി ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം തേവര മുതൽ എംജി റോഡ് വരെ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ പ്രധാനമന്ത്രിയെ എത്തിച്ച് രാഷ്ട്രീയ മേധാവിത്വം ഉറപ്പിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി എണ്ണശുദ്ധീകരണശാലയിൽ 5,500 കോടി രൂപ ചെലവിൽ നിർമിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. പാക്കേജിങ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ പോളിപ്രൊപ്പിലീന്റെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഈ പദ്ധതി സഹായിക്കും. പ്രതിവർഷം 400 കിലോ ടൺ ഉൽപ്പാദനശേഷിയുള്ള ഈ യൂണിറ്റ് വരുന്നതോടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയുകയും മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
റോഡ് അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി രണ്ട് പ്രധാന ദേശീയപാത പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിലെ ആറുവരിപ്പാതയും വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ ആറുവരിപ്പാതയുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇതിലൂടെ യാത്രാസമയം ഗണ്യമായി കുറയുന്നതിനൊപ്പം ടൂറിസം, വ്യാപാര മേഖലകൾക്ക് വലിയ ഉണർവ് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന പ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
അമൃതഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി പുനർവികസിപ്പിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. പ്രാദേശിക വാസ്തുവിദ്യ നിലനിർത്തിക്കൊണ്ട് തന്നെ യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടും സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് ഈ സ്റ്റേഷനുകൾ നവീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി നഗരത്തിൽ നാളെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Now it’s time for development! BJP to win elections; Prime Minister Narendra Modi to Kochi to launch



