ഒട്ടാവ: പ്രോസസ്സിംഗ് കാലതാമസവും കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണവും വർധിച്ചതോടെ കാനഡയുടെ കുടിയേറ്റ സംവിധാനം വർഷങ്ങളിലെ ഏറ്റവും വലിയ വിശ്വാസ്യത പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ, രാജ്യത്തെ കുടിയേറ്റ അപേക്ഷകളിൽ വലിയൊരു ഭാഗം കൂട്ടത്തോടെ റദ്ദാക്കാൻ സർക്കാർ ഒരുങ്ങുന്നതായി നിയമ വിദഗ്ധരും അപേക്ഷകരും ഒരുപോലെ ഭയപ്പെടുന്നു. കാനഡയുടെ കുടിയേറ്റ സംവിധാനത്തെയും അതിർത്തി സുരക്ഷയെയും ശക്തിപ്പെടുത്താനായി അവതരിപ്പിച്ച വിവാദപരമായ ബിൽ സി-12 (Strengthening Canada’s Immigration System and Borders Act) ആണ് ഈ ആശങ്കയ്ക്ക് പിന്നിൽ. കുടിയേറ്റ അപേക്ഷകളിലെ ഭീമമായ ബാക്ക്ലോഗുകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി, ആയിരക്കണക്കിന് അപേക്ഷകൾ ഒറ്റയടിക്ക് റദ്ദാക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ഈ ബില്ലിലുണ്ട്.
കുടിയേറ്റ അപേക്ഷകളുടെ പ്രോസസ്സിംഗ് നിർത്തിവെക്കാനോ, റദ്ദാക്കാനോ, പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് തടയാനോ ഗവർണർ ഇൻ കൗൺസിലിന് (മന്ത്രിസഭ) അധികാരം നൽകുന്നതാണ് ബില്ലിലെ ഏറ്റവും വിവാദപരമായ വ്യവസ്ഥ. നിലവിൽ തീർപ്പാകാതെ കിടക്കുന്ന ഏകദേശം 42,200 സ്റ്റാർട്ട്-അപ്പ് വിസ അപേക്ഷകളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മാനദണ്ഡങ്ങൾ പാലിക്കാത്ത ബിസിനസ് ഇൻകുബേറ്ററുകളുടെ പിന്തുണയുള്ള അപേക്ഷകൾ കൂട്ടത്തോടെ റദ്ദാക്കാനുള്ള നീക്കമാണിതെന്ന ഭയമാണ് അപേക്ഷകർക്ക്.
ഇമിഗ്രേഷൻ അഭിഭാഷകനായ സ്റ്റീവൻ മ്യൂറൻസ് ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നത്, പുതിയ അതിർത്തി സുരക്ഷാ നിർദ്ദേശമായ ബിൽ C-12 (Strengthening Canada’s Immigration System and Borders Act) വഴി കൂട്ട റദ്ദാക്കലിന് സർക്കാർ കളമൊരുക്കുകയാണ് എന്നാണ്. ബിൽ C-12 നിയമമാകുന്നതോടെ, ‘പൊതുതാൽപര്യം’ മുൻനിർത്തി കുടിയേറ്റ രേഖകൾ റദ്ദാക്കാനും അപേക്ഷകളുടെ പ്രോസസ്സിംഗ് നിർത്തിവെക്കാനും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയ്ക്ക് (IRCC) വിപുലമായ അധികാരം ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
വിഷയം ചർച്ചയാകുമ്പോൾ വകുപ്പ് പാലിക്കുന്ന മൗനം മനഃപൂർവമാണെന്ന് മ്യൂറൻസ് പറയുന്നു. കാരണം, വലിയ ഇമിഗ്രേഷൻ ബാക്ക്ലോഗെന്ന പ്രശ്നപരിഹാരത്തിന് ഇമിഗ്രേഷൻ വകുപ്പ് കാണുന്ന വഴി ബിൽ C-12 ആണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. വർഷങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പേർക്ക്, മറ്റൊരു നിയമപരമായ ‘റീസെറ്റ്’ എന്ന ആശയം ഭീതിയുളവാക്കുന്നതാണ്. IRCC അതിന്റെ സ്വന്തം പ്രോസസ്സിംഗ് സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും അതേ സമയം ബാക്ക്ലോഗുകൾ മായ്ച്ചുകളയാൻ പുതിയ അധികാരം നേടുകയും ചെയ്യുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
പ്രോസസ്സിംഗ് സമയത്തിൽ വൻ വർധന
2024 മെയ് മാസത്തിൽ താൽക്കാലികമായ ഒരു മെച്ചപ്പെടുത്തൽ ഉണ്ടായതായി IRCCയുടെ കണക്കുകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും, 2025 ഒക്ടോബറോടെ അത് പൂർണ്ണമായും വിപരീതമായി. പൗരത്വത്തിനുള്ള അപേക്ഷകൾ എട്ട് മാസത്തിൽ നിന്ന് പതിമൂന്ന് മാസമായും, കുടുംബ സ്പോൺസർഷിപ്പുകൾ ഇരട്ടിയോളമായും വർദ്ധിച്ചു. വേഗത്തിൽ തീർപ്പാക്കുമെന്ന് കരുതിയിരുന്ന അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം പോലുള്ള സാമ്പത്തിക പ്രോഗ്രാമുകൾ പോലും ആറ് മാസത്തിൽ നിന്ന് മുപ്പത്തിയേഴ് മാസമായി ഉയർന്നു.
ഇതു കൂടാതെ ഹ്യുമാനിറ്റേറിയൻ & കംപാഷണേറ്റ് (H&C), ഫെഡറൽ സെൽഫ് എംപ്ലോയ്ഡ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് പൂർത്തിയാക്കാൻ പത്ത് വർഷത്തിൽ കൂടുതൽ സമയം എടുക്കുമെന്നും IRCC രേഖപ്പെടുത്തുന്നു. സ്റ്റാർട്ട്-അപ്പ് വിസയ്ക്ക് (SUV) 37 മാസമായിരുന്നത് 120 മാസമായി (10 വർഷം) ഉയർന്നു. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെത്തന്നെ ഇത് ദുർബലപ്പെടുത്തുന്നു.
ചരിത്രം ആവർത്തിക്കുമോ?
കൂട്ടത്തോടെയുള്ള അപേക്ഷകൾ റദ്ദാക്കാൻ കാനഡയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന്, “അതെ” എന്ന് തന്നെയാണ് ഉത്തരം. 2012-ൽ, അന്നത്തെ ഇമിഗ്രേഷൻ മന്ത്രി ജേസൺ കെന്നിയുടെ കീഴിൽ, 2008-ന് മുമ്പുള്ള ഏകദേശം 280,000 ഫെഡറൽ സ്കിൽഡ് വർക്കർ അപേക്ഷകൾ സർക്കാർ ഒറ്റയടിക്ക് റദ്ദാക്കിയിരുന്നു. ആധുനികവൽക്കരണവും വേഗത്തിലുള്ള ഡിജിറ്റൽ സംവിധാനങ്ങൾക്കുള്ള വഴിയൊരുക്കലും ആയിരുന്നു അന്നും പറഞ്ഞിരുന്ന കാരണം. ഈ ചരിത്രമാണ് നിലവിലെ ബിൽ C-12 നെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നത്.
ബിൽ C-12 നിയമമായാൽ, 2012-ലെ പോലെ ഒരു കൂട്ട അപേക്ഷ റദ്ദാക്കൽ ആവർത്തിക്കാൻ ഇമിഗ്രേഷൻ വകുപ്പിന് സാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. വർധിച്ചുവരുന്ന കാലതാമസത്തിൽ വലയുന്ന ഒരു സർക്കാർ, ആധുനികവൽക്കരണം വാഗ്ദാനം ചെയ്യുമ്പോൾ തന്നെ, ബാക്ക്ലോഗ് ഇല്ലാതാക്കാനായി നിയമപരമായ ഒരു ‘ശുദ്ധീകരണം’ നടത്താൻ തയ്യാറെടുക്കുകയാണ് എന്ന സന്ദേശമാണ് ഇത് നൽകുന്നത്.
കുടിയേറ്റ മന്ത്രിയുടെ നിലപാട്
ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയാബ്, തങ്ങളുടെ നടപടികൾ സുതാര്യതയിലും ഉത്തരവാദിത്തമുള്ള മാനേജ്മെന്റിലുമാണ് അധിഷ്ഠിതമെന്ന് പറയുന്നു. പ്രോസസ്സിംഗ് സമയ ഡാറ്റ പ്രസിദ്ധീകരിക്കുന്നത് അതിനുള്ള തെളിവാണ്. എന്നാൽ, പ്രോസസ്സിംഗ് സമയം വർധിക്കുന്ന സാഹചര്യത്തിൽ, നടപടികളില്ലാത്ത സുതാര്യതയ്ക്ക് അർത്ഥമില്ലെന്നാണ് അപേക്ഷകർ പറയുന്നത്.
മുന്നോട്ടുള്ള വഴി
ബിൽ C-12 നിയമമാവുകയും കൂട്ട റദ്ദാക്കലുകൾ നടപ്പിലാക്കുകയും ചെയ്താൽ, കാനഡയുടെ ആഗോളതലത്തിലെ വിശ്വാസ്യതയ്ക്ക് അത് വീണ്ടും മങ്ങലേൽപ്പിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഭാവിയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, തങ്ങളുടെ ഫയലുകൾ ഒറ്റരാത്രികൊണ്ട് ഇല്ലാതാകും എന്ന ഭയം വരുന്നതോടെ ഈ സംവിധാനത്തിൽ പണവും സമയവും നിക്ഷേപിക്കാൻ മടിച്ചേക്കാം. വർഷങ്ങളോളം കാത്തിരിക്കുകയും പണം നിക്ഷേപിക്കുകയും ചെയ്ത ആയിരക്കണക്കിന് അപേക്ഷകർക്ക് തങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവരും. അപേക്ഷാ ഫീസ് തിരികെ നൽകുമെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് നഷ്ടപരിഹാരങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല എന്നതും അപേക്ഷകരിൽ പേടിയുണ്ടാക്കുന്ന കാര്യമാണ്.
കാനഡയ്ക്ക് അതിന്റെ സാമ്പത്തിക വളർച്ചയും ധാർമ്മിക വിശ്വാസ്യതയും നിലനിർത്തണമെങ്കിൽ, 2026 നിയമപരമായ കുറുക്കുവഴികളുടേതല്ല, ഘടനാപരമായ പരിഷ്കരണങ്ങളുടേതായിരിക്കണമെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. നല്ല ഉദ്ദേശത്തോടെ അപേക്ഷിക്കുന്ന ഒരാളുടെ സ്ഥാനം സംരക്ഷിക്കപ്പെടുമെന്ന ലളിതമായ തത്വം സർക്കാർ പാലിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും കാനഡയുടെ കുടിയേറ്റ സംവിധാനത്തിന്റെ ഭാവി. നിലവിലെ പ്രതിസന്ധി വെറും അപേക്ഷകളുടെ ബാക്ക്ലോഗ് മാത്രമല്ല, തകർന്ന വിശ്വാസത്തിന്റെ ബാക്ക്ലോഗ് കൂടിയാണെന്ന് വിഗദ്ധർ ചൂണ്ടികാണിക്കുന്നു.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Bill C-12 of Concern! Fear of mass cancellation of PR applications in Canada?



