ബിഗ് ബോസ് മലയാളം സീസൺ 7-ൽ നിന്ന് മറ്റൊരു മത്സരാർത്ഥികൂടി പുറത്തായി. പ്രേക്ഷകരെയും സഹമത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് യൂട്യൂബ് അവതാരകയായ ശാരികയാണ് ഷോയിൽ നിന്ന് പടിയിറങ്ങിയത്. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന, ശനിയും ഞായറും എവിക്ഷൻ നടന്ന ഈ സീസണിലെ ആദ്യ സംഭവം കൂടിയാണിത്. ശക്തമായ നിലപാടുകളിലൂടെയും വ്യക്തമായ അഭിപ്രായങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ ശാരികയുടെ പുറത്താകൽ സഹമത്സരാർത്ഥികൾക്ക് വലിയ ആഘാതമായി.
നേരത്തെ, മുർഷിദ് രഞ്ജിത്ത്, ആർജെ ബിൻസി, കലാഭവൻ സരിഗ എന്നിവരാണ് ബിഗ് ബോസിൽ നിന്ന് പുറത്തായ മറ്റ് മത്സരാർത്ഥികൾ. ഇത്തവണ 19 മത്സരാർത്ഥികളുമായിട്ടാണ് ഷോ ആരംഭിച്ചത്.
ആരാണ് ശാരിക കെ.ബി?
‘ഹോട്ട് സീറ്റ്’ എന്ന യൂട്യൂബ് പരിപാടിയിലൂടെ ശ്രദ്ധേയയായ അവതാരകയാണ് ശാരിക. അതിഥികളെ മൂർച്ചയേറിയ ചോദ്യങ്ങളാൽ നേരിടുന്ന ശൈലിക്ക് ശാരികയ്ക്ക് പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ, വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് അവതരിപ്പിക്കാനുള്ള ശാരികയുടെ കഴിവിനെ പ്രശംസിക്കുന്നവരും നിരവധിയാണ്.
രേണു സുധിയുമായി നടത്തിയ അഭിമുഖമാണ് യൂട്യൂബ് ലോകത്ത് ശാരികയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ആ അഭിമുഖത്തിൽ ഇരുവരും തമ്മിലുണ്ടായ തർക്കങ്ങൾ വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് ഹൗസിലും ശാരിക തൻ്റെ ഹോട്ട് സീറ്റ് പ്രോഗ്രാം തമാശരൂപത്തിൽ അവതരിപ്പിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ‘ഫെമിനിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ശാരിക, താൻ നേരിട്ട ജീവിതാനുഭവങ്ങളാണ് ഒരു ‘ബോൾഡ്’ വ്യക്തിത്വമാക്കി മാറ്റിയതെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 28-ആം വയസ്സിൽ വിവാഹിതയായ ശാരികയ്ക്ക് മുൻ ഭർത്താവിൽ നിന്നും കൊടിയ മാനസിക, ശാരീരിക പീഡനങ്ങൾ നേരിടേണ്ടിവന്നിരുന്നു. പത്തുവർഷത്തോളം നീണ്ട ദുരിതങ്ങൾക്കൊടുവിൽ, ഗാർഹിക പീഡനത്തിന് കേസ് നൽകി ആ ബന്ധം വേർപെടുത്തിയെന്നും ശാരിക തുറന്നുപറഞ്ഞിരുന്നു.
fourth contestant eliminated from Bigg Boss



