നിങ്ങൾ കാനഡയിലെ പിആർ നേടാൻ ഏറെക്കാലമായി കാത്തിരിക്കുകയാണോ? എന്നാൽ ക്യുബെക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കുടിയേറ്റ നയം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. 2025 ജൂലൈ 30 മുതൽ, ക്യുബെക്ക് റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് (PRTQ) കീഴിലുള്ള സ്ഥിരതാമസ അപേക്ഷകൾക്ക് മുൻഗണന നൽകും. എന്നാൽ പരിഗണന ലഭിക്കുക നിലവിൽ ക്യുബെക്കിൽ താൽക്കാലിക വിദേശ തൊഴിലാളികളോ അന്താരാഷ്ട്ര വിദ്യാർത്ഥികളോ ആയി താമസിക്കുന്നവർക്ക് മാത്രമായിരിക്കും.
പുതിയ നീക്കം ക്യുബെക്ക് സമൂഹവുമായി ഇതിനകം ഇടപഴകി ജീവിക്കുന്ന അപേക്ഷകരുടെ കാര്യത്തിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. 2025 ഡിസംബർ 31-ഓടെ അപേക്ഷകളിൽ തീരുമാനം എടുക്കുക. അപേക്ഷകൾ സ്വീകരിക്കുകയോ, നിരസിക്കുകയോ, അല്ലെങ്കിൽ നിരസിക്കാനുള്ള ഉദ്ദേശ്യ അറിയിപ്പ് അയയ്ക്കുകയോ ചെയ്യും. ഇത് സാധാരണയായി സ്ഥിരതാമസത്തിനുള്ള അപേക്ഷകൾക്ക് എടുക്കുന്ന സമയത്തിൽ ഗണ്യമായ കുറവ് വരുത്തും. ഒരു അപേക്ഷ നിരസിക്കാൻ ഉദ്ദേശിക്കുന്നു എന്ന അറിയിപ്പ് ലഭിക്കുകയാണെങ്കിൽ, സമയബന്ധിതമായി മറുപടി നൽകാൻ അപേക്ഷകന് അവസരം ലഭിക്കും. അതിനുശേഷം 2026 ന്റെ തുടക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ക്യുബെക്കിന്റെ ഈ പുതിയ നയം ആയിരക്കണക്കിന് അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഴയ റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് (PRTQ) പകരം സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) 2024 നവംബർ 29-ന് നിലവിൽ വന്നിട്ടുണ്ട്. 2025 ജൂലൈയിൽ പ്രസിദ്ധീകരിച്ച ഒരു മന്ത്രിതല ഉത്തരവിലൂടെയാണ് PSTQ-യുടെ പുതിയ മാനദണ്ഡങ്ങളും പോയിന്റ് സംവിധാനവും ഔദ്യോഗികമായി നിലവിൽ വന്നത്



