ന്യൂഡൽഹി: ഓഗസ്റ്റ് 25 മുതൽ അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യ പോസ്റ്റ് അറിയിച്ചു. കുറഞ്ഞ നിരക്കിൽ സാധനങ്ങൾ അയയ്ക്കാൻ പോസ്റ്റൽ സേവനങ്ങളെ ആശ്രയിച്ചിരുന്ന വിദ്യാർഥികൾ, കുടുംബങ്ങൾ, ചെറുകിട കയറ്റുമതിക്കാർ എന്നിവർക്ക് ഈ തീരുമാനം കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. സമ്പൂർണ്ണ തപാൽ സേവനങ്ങൾ പുനരാരംഭിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് തപാൽ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 29 മുതൽ 800 ഡോളർ വരെയുള്ള സാധനങ്ങൾക്ക് യുഎസ് സർക്കാർ പ്രഖ്യാപിച്ച ഡ്യൂട്ടി-ഫ്രീ ഡീ മിനിമസ് ഇളവ് പിൻവലിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ഓഗസ്റ്റ് 23-ലെ പ്രസ്താവനയിൽ തപാൽ വകുപ്പ് വ്യക്തമാക്കി.
ഇതിനു പിന്നാലെ യു.എസ്സിലേക്ക് അയക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ ഇനങ്ങൾക്കും ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് (IEEPA) പ്രകാരം കസ്റ്റംസ് തീരുവ ചുമത്തും. നേരത്തെ, കുറഞ്ഞ മൂല്യമുള്ള ഷിപ്പ്‌മെന്റുകൾക്ക് ഡ്യൂട്ടിയും നികുതിയും ഇളവ് നൽകിയിരുന്നതിനാൽ ഷിപ്പിംഗ് ചെലവ് കുറവായിരുന്നു. എന്നാൽ, വിദേശ ഓൺലൈൻ റീട്ടെയിലർമാർ തീരുവകളും സുരക്ഷാ പരിശോധനകളും ഒഴിവാക്കുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം ഈ ഇളവ് പിൻവലിച്ചിരുന്നു. പുതിയ നിയമപ്രകാരം, 100 ഡോളർ വരെയുള്ള കത്തുകളും രേഖകളും സമ്മാനങ്ങളും ഒഴികെയുള്ള എല്ലാ ഇനങ്ങൾക്കും ഉയർന്ന തീരുവ ചുമത്തപ്പെടും.
പ്രതിവർഷം 22 ദശലക്ഷത്തിലധികം അന്താരാഷ്ട്ര തപാൽ കൈകാര്യം ചെയ്യുന്ന ഇന്ത്യ പോസ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് യുഎസ്. തപാൽ സേവനങ്ങൾ നിർത്തിവച്ചത് സാധനങ്ങൾ അയക്കുന്ന കുടുംബങ്ങളെ മാത്രമല്ല, സ്വകാര്യ കൊറിയർ നിരക്കുകൾ താങ്ങാൻ കഴിയാത്ത ചെറുകിട കയറ്റുമതിക്കാരെയും കാര്യമായി ബാധിക്കും. കരകൗശലവസ്തുക്കളും ഇ-കൊമേഴ്‌സ് ഉൽപ്പന്നങ്ങളും കുറഞ്ഞ ചെലവിൽ യുഎസ്സിലെത്തിക്കുന്നവരെ ഈ നീക്കം പ്രതിസന്ധിയിലാക്കും.
പുതിയ നിയമം സംബന്ധിച്ച് അമേരിക്കൻ അധികാരികളിൽ നിന്ന് വ്യക്തത ലഭിക്കാത്തതിനെ തുടർന്ന് ലോകമെമ്പാടുമുള്ള തപാൽ സേവനദാതാക്കൾ യു.എസ്സിലേക്കുള്ള ഷിപ്പ്മെന്റുകൾ നിർത്തിവെക്കുകയാണ്. കൊറിയൻ പോസ്റ്റ്, സിംഗപ്പൂരിലെ സിംഗ്‌പോസ്റ്റ്, യൂറോപ്പിലെ ഓസ്ട്രിയൻ, ബെൽജിയൻ, ചെക്ക് റിപ്പബ്ലിക്, യു.കെയിലെ റോയൽ മെയിൽ, ജപ്പാൻ പോസ്റ്റ് എന്നിവയും സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. യു.എസ്സിലേക്ക് അയക്കാനായി ബുക്ക് ചെയ്ത സാധനങ്ങൾക്ക് ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.



