മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ ആഗോള റിലീസിന് മുൻപ് അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധനേടുന്നു. ഏപ്രിൽ 23 മുതൽ 26 വരെ നടക്കുന്ന 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ (IFFLA) ഉദ്ഘാടന ചിത്രമായാണ് ‘പേട്രിയറ്റ്’ പ്രദർശിപ്പിക്കുക. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 27 ചിത്രങ്ങൾ അണിനിരക്കുന്ന മേളയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായാണ് ഈ മൾട്ടിസ്റ്റാർ ചിത്രം എത്തുന്നത്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഒരു ഹൈ-വോൾട്ടേജ് കൊമേഴ്സ്യൽ എന്റർടൈനറാണെന്ന് സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ താൻ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് ഒരു ചടങ്ങിൽ വെച്ച് ഫഹദ് ഫാസിൽ വെളിപ്പെടുത്തിയത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ആരാധകർ കാത്തിരിക്കുന്ന നിരവധി ‘ഫാൻ മോമെന്റുകൾ’ ചിത്രത്തിലുണ്ടാകുമെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളാണ്. ജിനു ജോസഫ്, രാജീവ് മേനോൻ, പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ‘ദേശദ്രോഹികൾ നിറയുന്ന ലോകത്ത് ഒരു ദേശസ്നേഹിയാകൂ’ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഏപ്രിൽ 23-നാണ് ‘പേട്രിയറ്റ്’ ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. വെക്കേഷൻ സീസണിൽ റിലീസ് ചെയ്യുന്നതുകൊണ്ട് തന്നെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിയുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. മമ്മൂട്ടിയും മോഹൻലാലും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നതിനൊപ്പം ഫഹദും കുഞ്ചാക്കോ ബോബനും കൂടി ചേരുമ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി ‘പേട്രിയറ്റ്’ മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Big Big Surprise!; ‘Patriot’ to open Los Angeles Film Festival even before release
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


