വനപ്രദേശങ്ങളിലുണ്ടായ തീപിടുത്തം കാരണം ഒട്ടാവയിലെ വായുവിന്റെ ഗുണനിലവാരം മോശമാവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സാധാരണയായി നല്ല കാലാവസ്ഥ ലഭിക്കേണ്ട ഓഗസ്റ്റ് മാസത്തിൽ, കാനഡയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള കാട്ടുതീയുടെ പുക ഒട്ടാവ നഗരത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനെ തുടർന്ന് എൻവയോൺമെൻ്റ് കാനഡ ഒട്ടാവയ്ക്ക് പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “കാട്ടുതീ മൂലമുള്ള പുക, മോശം വായു ഗുണനിലവാരത്തിനും കാഴ്ചക്കുറവിനും കാരണമായേക്കാം,” എന്ന് മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ ഒണ്ടാറിയോയുടെ പല ഭാഗങ്ങളിലും വാരാന്ത്യം മുഴുവൻ പുക നിലനിൽക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്സ് “5-മിതമായ അപകടസാധ്യത” ആയിരുന്നു.
എന്നാൽ ഇന്ന് രാത്രി ഇത് “7-ഉയർന്ന അപകടസാധ്യതയായി മാറുമെന്നും ഞായറാഴ്ച വീണ്ടും “5-മിതമായ അപകടസാധ്യതയായി കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഞായറാഴ്ച നടക്കാനിരിക്കുന്ന Ironman Canada-Ottawa റേസിന് നിലവിൽ മാറ്റമൊന്നുമില്ലെന്ന് സംഘാടകർ അറിയിച്ചു.
ഇന്ന് ഒട്ടാവയിൽ നല്ല വെയിലുണ്ടായിരിക്കുമെങ്കിലും ഉച്ചകഴിഞ്ഞ് പ്രാദേശികമായി പുക എത്താൻ സാധ്യതയുണ്ട്. താപനില 27°C വരെ ഉയരാം. ഞായറാഴ്ചയും നല്ല വെയിലുണ്ടായിരിക്കുമെന്നും എന്നാൽ രാവിലെയും ഉച്ചയ്ക്കും പ്രാദേശികമായി പുകയുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. താപനില 30°C വരെ ഉയരാം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഈ സമയത്തെ സാധാരണ താപനില 26°C ഉയർന്നതും 16°C കുറഞ്ഞതുമാണ്.
Beware! Air quality in Ottawa is poor; Authorities issue warning



