പാർക്കിംഗ് ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം താൽകാലികമായി അടച്ചുപൂട്ടിയ ബെഡ്‌ഫോർഡ് ബിയർ ഗാർഡൻ തുറന്നു. ജൂൺ അവസാന വാരം തുറന്ന ബിയർ ഗാർഡന്, ഹാളിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റി നിശ്ചയിച്ച അത്രെയും പാർക്കിംഗ് സൗകര്യം ഇല്ലായിരുന്നു. ഇതേ തുടർന്നാണ് പ്രവർത്തനാനുമതി നിഷേധിച്ചത്. പിന്നിട് 100 ചതുരശ്ര അടി വിസ്തീർണ്ണം കുറച്ചാണ് ഇപ്പോൾ സ്ഥാപനം വീണ്ടും തുറന്നിരിക്കുന്നത്.
നിരവധി പ്രതിസന്ധികൾക്കൊടുവിലാണ് സ്ഥാപനം വീണ്ടും തുറന്നതെന്നും, വെള്ളിയാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്നും ബിയർ ഗാർഡന്റെ സഹ ഉടമ ടോണി മഖൗൾ പറഞ്ഞു. ഈ വേനൽക്കാലം തിരക്കേറിയ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും മഖൗൾ പറയുന്നു. ബിയർ ഗാർഡൻ പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാൻ മുനിസിപ്പാലിറ്റിയുമായി തുടർന്നും സഹകരിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മഖൗൾ. നഗരത്തിലെ പ്രധാന മേഖലയ്ക്ക് പുറത്തുള്ള ബിസിനസ്സുകൾക്ക് മുനിസിപ്പാലിറ്റി നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരത്തിലെ ഡൗൺടൗൺ മേഖലയിലെ സ്ഥാപനങ്ങൾക്ക് തങ്ങളെപ്പോലെ പാർക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നിയമങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെഡ്‌ഫോർഡ്-വെന്റ്‌വർത്ത് കൗൺസിലറായ ജീൻ സെന്റ്-അമാൻഡ്, ബിസിനസ്സും മുനിസിപ്പാലിറ്റിയും തമ്മിൽ ഒരു ഒത്തുതീർപ്പിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു. നഗരപ്രദേശങ്ങളിൽ ആളുകൾ സ്വകാര്യ വാഹനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതിനാൽ നിയമങ്ങളിൽ വ്യത്യാസങ്ങളുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സമയമെടുക്കുമെന്നും, ഒറ്റരാത്രികൊണ്ട് മാറ്റങ്ങൾ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



