വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഹൈസ്കൂൾ അധ്യാപികക്ക് വിദ്യാർത്ഥിയോട് ഭീഷണിപരമായ വാക്കുകൾ ഉപയോഗിച്ചതിന് അച്ചടക്ക നടപടി നേരിട്ടു. പ്രൊഫഷണൽ റെഗുലേറ്ററുടെ റിപ്പോർട്ട് പ്രകാരം, ഇൻഗ്രിഡ് ആനി സ്റ്റെങ്ലർ എന്ന അധ്യാപികക്കാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ഒരു ദിവസത്തെ സസ്പെൻഷൻ ലഭിച്ചത്. സ്റ്റെങ്ലർ 2023-ൽ പ്രിൻസ് ജോർജ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന് ബിസി കമ്മീഷണർ ഫോർ ടീച്ചർ റെഗുലേഷൻ ചൊവ്വാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത സമ്മത പരിഹാര കരാറിൽ പറയുന്നു.
വിദ്യാർത്ഥിയുടെ സഹപാഠികളുടെ മുന്നിൽ വെച്ച് സ്റ്റെങ്ലർ, ‘ക്ലാസ്സിൽ കയറൂ.., അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും’ എന്ന് പറഞ്ഞു. ഇത് വിദ്യാർത്ഥിക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം സമാനമായ പെരുമാറ്റത്തിന് സ്റ്റെങ്ലർക്ക് സ്കൂൾ അധികൃതർ താക്കീത് നൽകിയതാണ്. വിദ്യാർത്ഥികളെ വേദനിപ്പിക്കാത്തതും അവർക്ക് നേരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു.
മുൻ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നിട്ടും സ്റ്റെങ്ലർ ഒരു നല്ല പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് കരാറിൽ എടുത്തുപറയുന്നു. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ സസ്പെൻഷൻ ഉചിതമാണെന്നും കരാർ വ്യക്തമാക്കുന്നു. കൂടാതെ, നല്ലൊരു പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കോഴ്സ് പൂർത്തിയാക്കാനും അധ്യാപികയോട് അധികൃതർ ആവശ്യപ്പെട്ടു.



