ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റി ഒകാനഗനിലെ ഭൂമിശാസ്ത്ര വിദ്യാർത്ഥിനിയായ ജെന്ന ടെയ്‌ലർ കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം മനിറ്റോബയിലെ ഫ്ലിൻ ഫ്ലോണിലുള്ള വീട്ടിലേക്ക് മടങ്ങിയത് ഒരു വിശ്രമകാലം ആഗ്രഹിച്ചായിരുന്നു. എന്നാൽ, കാട്ടുതീ അവരുടെ സ്വപ്‌നങ്ങൾ തകർത്തു. മെയ് 27-ന് ടെയ്‌ലറും കുടുംബവും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് സ്വന്തം വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നു.
പ്രവിശ്യാതലത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ഈ കാട്ടുതീ അവരുടെ വീടിന് ഒരു കിലോമീറ്ററിനുള്ളിൽ വരെ എത്തിയിരുന്നു. നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടും നിരാശപ്പെടാതെ, ടെയ്‌ലർ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി. തീയുടെ വ്യാപനം, തീവ്രത, മറ്റ് വിവരങ്ങൾ എന്നിവ ദൃശ്യവൽക്കരിക്കുന്നതിനായി ഒരു ഇന്ററാക്ടീവ് വെബ്സൈറ്റ് നിർമ്മിക്കുകയായിരുന്നു അവൾ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിരന്തരം മോശം വാർത്തകൾ മാത്രം വായിച്ച് നിരാശപ്പെടാൻ എളുപ്പമാണ്. ഇരുട്ടിൽ നിൽക്കുന്നതും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വരുന്നതും വളരെ പ്രയാസമാണെന്ന് ടെയ്‌ലർ പറഞ്ഞു.
കനേഡിയൻ സർക്കാർ വെബ്സൈറ്റുകളിൽ നിന്നും നാസയുടെ ഡാറ്റാബേസുകളിൽ നിന്നും വിവരങ്ങൾ സ്വമേധയാ ശേഖരിച്ചുകൊണ്ട്, കാട്ടുതീ ബാധിച്ച മറ്റ് ആളുകൾക്ക് സഹായകമാകുന്ന ഒരു വെബ്സൈറ്റ് നിർമ്മിക്കാൻ ടെയ്‌ലറിന് സാധിച്ചു. തീയുടെ സമയബന്ധിതമായ ദൃശ്യങ്ങൾ, കാറ്റിന്റെയും വായുവിന്റെ ഗുണനിലവാരത്തിന്റെയും പ്രവചനങ്ങൾ എന്നിവയും ഈ സൈറ്റിൽ ഉൾപ്പെടുന്നു. “ഒരർത്ഥത്തിൽ ഇത് വളരെ പ്രയാസകരമാണ്, കാരണം എനിക്ക് ഈ പ്രോജക്റ്റ് ചെയ്യേണ്ടി വരരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് ടെയ്‌ലർ പറയുന്നത്. “എന്നാൽ തങ്ങൾ ഇപ്പോൾ ഈ സാഹചര്യത്തിലാണ്, തങ്ങളുടെ ഈ അവസ്ഥയിൽ തനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് ഞാൻ ചെയ്തുവെന്നും ടെയ്ലർ പറയുന്നു.
ഇതുവരെ, മനിറ്റോബയിലെ കാട്ടുതീ 17,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു, സാസ്കച്ചെവാൻ അതിർത്തിയോട് ചേർന്നുള്ള ഫ്ലിൻ ഫ്ലോണിലെ 5,000 താമസക്കാരും ഇതിൽ ഉൾപ്പെടുന്നു. ഫ്ലിൻ ഫ്ലോണിന്റെ തെക്കുപടിഞ്ഞാറ് ഏകദേശം 22 കിലോമീറ്റർ അകലെയുള്ള ഡെനേർ ബീച്ച് ഗ്രാമം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ ഒന്നാണ്, അവിടെ 200-ലധികം പ്രാഥമിക താമസസ്ഥലങ്ങൾ കത്തിനശിച്ചു.
യുബിസി ഒകാനഗൻ ഈ വെബ്സൈറ്റിനെ “പൂർണ്ണമായ അടിയന്തര വിവര കേന്ദ്രം” എന്ന് വിശേഷിപ്പിച്ചു. പലായനം ചെയ്തവർക്കും നഷ്ടങ്ങൾ സംഭവിച്ചവർക്കും സംഭാവന നൽകാനുള്ള വഴികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “അടിയന്തര വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് എന്നതിലുപരി, ആളുകളിൽ അവബോധം വളർത്താനാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്, കാരണം ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകൾ ഇതിനോടകം ധാരാളമുണ്ട്,” ടെയ്‌ലർ പറഞ്ഞു. കാർട്ടോഗ്രഫി, മാപ്പ് നിർമ്മാണ കോഴ്സുകളാണ് ഈ വെബ്സൈറ്റ് നിർമ്മിക്കാനുള്ള കഴിവുകൾ തനിക്ക് നൽകിയതെന്നും, ഇതിന് രണ്ടാഴ്ചയോളം സമയമെടുത്തുവെന്നും അവൾ കൂട്ടിച്ചേർത്തു.
“ഇതൊരു വെറും അസൈൻമെൻ്റിനപ്പുറം, തന്റെ പഠനം കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞുവെന്നുള്ള തോന്നൽ വളരെ സന്തോഷം നൽകിയെന്നും ടെയ്‌ലർ പറഞ്ഞു. സർവകലാശാലയിലെ ഇർവിംഗ് കെ. ബാർബർ ഫാക്കൽറ്റി ഓഫ് ആർട്‌സ് ആൻഡ് സോഷ്യൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസറായ ജോനാഥൻ സിനമൺ, ടെയ്‌ലറിന്റെ വെബ്സൈറ്റ് ഇത്തരം പഠനങ്ങളുടെ യഥാർത്ഥ ലോകത്തിലെ പ്രയോഗം എടുത്തു കാണിക്കുന്നതാണെന്ന് പറഞ്ഞു.
ഫ്ലിൻ ഫ്ലോണിലെ താമസക്കാർക്ക് അടുത്ത ആഴ്ചയോടെ മടങ്ങാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. തങ്ങളെല്ലാവരും വീട്ടിലേക്ക് പോകാൻ തയ്യാറാണ്,” ടെയ്‌ലർ പറഞ്ഞു, “തനിക്ക് എത്രയും പെട്ടെന്ന് ഫ്ലിൻ ഫ്ലോണിലേക്ക് മടങ്ങാനും, സെപ്റ്റംബറിൽ സ്കൂളിൽ തിരികെയെത്തി തന്റെ ബിരുദം പൂർത്തിയാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആളുകളെ പിന്തുണയ്ക്കുക എന്നതാണ് തന്റെ കരിയർ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.



