ബ്രിട്ടീഷ് കൊളംബിയയിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും ആഘോഷത്തിന്റെയും പുതിയ ആവേശം പകർന്നുകൊണ്ട്, ‘ബിസി മലയാളി’യും ‘ഫീനിക്സ് റിച്ചമണ്ടും’ ചേർന്ന് ഈ വർഷത്തെ ഓണം ‘പൊന്നോണം 2025’ എന്ന പേരിൽ അതിഗംഭീരമായി അഘോഷിക്കാൻ ഒരുങ്ങുകയാണ്. കേരളത്തിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും വിദൂര ദേശത്തും പുനഃസൃഷ്ടിക്കുന്ന ഈ ആഘോഷം, സെപ്റ്റംബർ 27-ന് നോർത്ത് ഡെൽറ്റ സെക്കൻഡറി സ്കൂളിൽ വെച്ച് അരങ്ങേറും. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണി വരെ നീളുന്ന ഈ പരിപാടി, പ്രവാസലോകത്തെ മലയാളികൾക്ക് അവരുടെ വേരുകളിലേക്ക് മടങ്ങാനുള്ള ഒരവസരം കൂടിയാണ്.
കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ഓണാഘോഷത്തിൽ, വിഭവസമൃദ്ധമായ ഓണസദ്യയാണ് പ്രധാന ആകർഷണം. വിവിധതരം വിഭവങ്ങളടങ്ങിയ ഓണസദ്യ, കേരളത്തനിമ ഒട്ടും ചോരാതെയാണ് ഒരുക്കുന്നത്. ഇത് കൂടാതെ, വിവിധതരം കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
മാവേലി നാടുവാണ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, പൂക്കളം, സംഗീതം, വിവിധതരം കളികൾ എന്നിവയും പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിയിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിച്ച് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷമാണിത്.
ഓണാഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാ ആളുകൾക്കും പ്രവേശനമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഓണത്തിന്റെ എല്ലാ ആവേശത്തോടുംകൂടി ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും പുതിയ അറിയിപ്പുകൾക്കുമായി സംഘാടകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാവുന്നതാണ്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തി ഓണാഘോഷത്തെ കൂടുതൽ ആകർഷകമാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
സാംസ്കാരിക വിനിമയത്തിനും സൗഹൃദം പങ്കിടാനും ഒരു വേദിയൊരുക്കുന്ന ഈ ഓണാഘോഷം, ബിസിയിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.



