ധാക്ക: ഇന്ത്യയിലെ പ്രധാന നയതന്ത്ര കാര്യാലയങ്ങളിൽ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നടപടിയെന്ന് വിദേശകാര്യ ഉപദേഷ്ടാവ് എം. തൗഹീദ് ഹുസൈൻ വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു. ന്യൂഡൽഹിയിലെ ഹൈക്കമ്മീഷൻ, കൊൽക്കത്ത, അഗർത്തല എന്നിവിടങ്ങളിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷനുകൾ എന്നിവടങ്ങളിലെ വിസ വിഭാഗങ്ങളാണ് നിലവിൽ അടച്ചിടുക.
സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് മൂന്ന് മിഷനുകളിലെയും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതെന്ന് തൗഹീദ് ഹുസൈൻ വ്യക്തമാക്കി. കൊൽക്കത്തയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിലും അഗർത്തലയിലും സമാനമായ നടപടി സ്വീകരിച്ചത്. എന്നാൽ മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ മിഷനുകളിൽ വിസ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ബിസിനസ്, തൊഴിൽ വിസകളെ നിലവിലെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യ നേരത്തെ തന്നെ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബംഗ്ലാദേശിന്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്ക ഏർപ്പെടുത്തിയ പുതിയ വിസ ബോണ്ട് നിബന്ധന പിൻവലിക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. യു.എസ് ഭരണകൂടത്തിന്റെ ഈ തീരുമാനം നിർഭാഗ്യകരവും വേദനാജനകവുമാണെന്ന് തൗഹീദ് ഹുസൈൻ പറഞ്ഞു. വിസ ബോണ്ട് നിബന്ധനയിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കാനായി ആവശ്യമായ നയതന്ത്ര നീക്കങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിസ ബോണ്ട് നിബന്ധന ബംഗ്ലാദേശിന് മാത്രമായുള്ളതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിയേറ്റവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിന്റെ ഭാഗമായി മറ്റ് പല രാജ്യങ്ങൾക്കെതിരെയും അമേരിക്ക ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കയുടെ തീരുമാനം അസാധാരണമായി കാണുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
bangladesh-suspends-visa-services-in-india-seeks-us-visa-bond-exemption
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


