ധാക്ക: ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനു ശേഷം ബംഗ്ലദേശിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (BNP) വൻ വിജയം കുറിച്ചു. 300 അംഗ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷമായ 151 സീറ്റുകൾ ബിഎൻപി പിന്നിട്ടു കഴിഞ്ഞു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 165 സീറ്റുകളിൽ ബിഎൻപി ജയിച്ചപ്പോൾ, ജമാഅത്തെ ഇസ്‌ലാമി സഖ്യം 45 സീറ്റുകളിലാണ് വിജയിച്ചത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎൻപി ചെയർമാനുമായ താരിഖ് റഹ്മാൻ ബംഗ്ലദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് സൂചനകൾ. ബോഗ്ര-6, ധാക്ക-17 എന്നീ മണ്ഡലങ്ങളിൽ നിന്ന് താരിഖ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഏകദേശം 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം ബംഗ്ലദേശിലേക്ക് തിരിച്ചെത്തിയത്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാൻ കഴിയാതിരുന്ന യുവവോട്ടർമാരുടെ വലിയ പിന്തുണ ഇത്തവണ ബിഎൻപിക്ക് അനുകൂലമായെന്നാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പിനൊപ്പം തന്നെ രാജ്യത്ത് ഭരണഘടനാ പരിഷ്കാരങ്ങൾ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ‘ജൂലൈ ചാർട്ടർ’ എന്ന പേരിൽ ഹിതപരിശോധനയും നടന്നിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വിലക്കേർപ്പെടുത്തിയിരുന്നതിനാൽ ബിഎൻപിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലായിരുന്നു പ്രധാന മത്സരം. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Bangladesh Election result updation



