ന്യൂഫൗണ്ട്‌ലാൻഡ്: സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡിലെ ബാഡ്‌ജറിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലൂടെ ഒഴുകുന്ന എക്‌സ്‌പ്ലോയിറ്റ്സ് നദിയിലെയും (Exploits River) ബാഡ്‌ജർ ബ്രൂക്കിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്നാണ് നടപടി. സ്ഥിതിഗതികൾ രൂക്ഷമായതോടെ നഗരത്തിലെ പ്രധാന തെരുവുകളിൽ താമസിക്കുന്നവരോട് അടിയന്തരമായി വീടുകൾ ഒഴിഞ്ഞുപോകുവാൻ നഗരസഭ ഉത്തരവിട്ടു. നിലവിൽ പ്രവിശ്യാ എമർജൻസി ഓപ്പറേഷൻസ് സെന്റർ രണ്ടാംഘട്ട ജാഗ്രത പ്രഖ്യാപിച്ചു സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ബിയോത്തുക് സ്ട്രീറ്റ്, ഏൾ സ്ട്രീറ്റ്, കിൻസ്മാൻ ഡ്രൈവ്, മെയിൻ സ്ട്രീറ്റ്, പാർക്ക് സ്ട്രീറ്റ്, റിവർ റോഡ്, ഷെപ്പാർഡ് സ്ട്രീറ്റ് തുടങ്ങിയ മേഖലകളിലുള്ളവരോടാണ് വീടുകൾ ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ബാഡ്‌ജർ ഡ്രൈവിന്റെ വടക്ക് ഭാഗത്തുള്ള താമസക്കാരും മാപ്പിൾ സ്ട്രീറ്റിലെ ചില നിശ്ചിത കെട്ടിട നമ്പറുകളിൽ ഉള്ളവരും ഒഴിഞ്ഞുപോകാണമെന്ന് കർശന നിർദ്ദേശമുണ്ട്. വ്യാഴാഴ്ച മുതൽ പ്രദേശത്ത് ഫ്ലഡ് വാണിംഗ് നിലവിലുണ്ടായിരുന്നു. വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സേനയെയും അടിയന്തര സഹായ വിഭാഗങ്ങളെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
എക്‌സ്‌പ്ലോയിറ്റ്സ് നദിയിലെ ജലനിരപ്പ് അതിന്റെ പരമാവധിയിൽ എത്തിയതായും ബാഡ്‌ജർ ബ്രൂക്കിലെ ഒഴുക്ക് കുറഞ്ഞു വരുന്നതായും മേയർ ഡെന്നിസ് ബട്ട് നേരത്തെ അറിയിച്ചിരുന്നെങ്കിലും സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കിയത്. പ്രവിശ്യാ സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ ഏകോപിപ്പിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
badger-orders-some-residents-to-evacuate-due-to-flooding-in-the-newfoundland-town
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



