ഒക്ടോബറിൽ ആരംഭിച്ച നിലവിലെ മീസിൽസ് പകർച്ചവ്യാധിയിൽ ഓന്റാരിയോയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. സൗത്ത് വെസ്റ്റ് ഓന്റാരിയോയിൽ മാസം തികയാതെ ജനിച്ച ഒരു കുഞ്ഞാണ് മീസിൽസ് ബാധിച്ച് മരിച്ചത്. കുഞ്ഞിൻ്റെ അമ്മയ്ക്ക് എം.എം.ആർ (മീസിൽസ്, മംപ്സ്, റുബെല്ല) വാക്സിൻ എടുത്തിരുന്നില്ല. അമ്മയിൽ നിന്നാണ് കുഞ്ഞിലേക്ക് വൈറസ് പകർന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കുഞ്ഞിന് മറ്റ് ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കിയറൺ മൂർ വ്യക്തമാക്കി. ന്യൂബ്രൺസ്വിക്കിൽ നടന്ന ഒരു മെനനൈറ്റ് വിവാഹത്തിൽ നിന്നാണ് നിലവിലെ മീസിൽസ് പകർച്ചവ്യാധി ആരംഭിച്ചതെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിശദീകരണം. ഇന്നുവരെ 2,000-ൽ അധികം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സൗത്ത് വെസ്റ്റേൺ, ചാത്തം-കെൻ്റ്, ഹ്യുറോൺ-പർത്ത്, ഗ്രാൻഡ് എറി, വിൻഡ്സർ-എസ്സെക്സ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ ദുരന്തം യഥാർത്ഥത്തിൽ തടയാൻ കഴിയുമായിരുന്ന ഒന്നാണെന്ന് ആരോഗ്യമന്ത്രി സിൽവിയ ജോൺസ് പ്രതികരിച്ചു. വാക്സിനേഷൻ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ആരോഗ്യവകുപ്പ് സോഷ്യൽ മീഡിയാ കാമ്പെയ്‌നുകളിലൂടെയും സ്കൂൾ കുട്ടികൾക്ക് കത്തുകളിലൂടെയും പ്രാദേശിക ഹെൽത്ത് യൂണിറ്റുകൾ വഴിയും വാക്സിനേഷൻ്റെ പ്രാധാന്യം സംബന്ധിച്ച ബോധവൽക്കരണം ശക്തിപ്പെടുത്തിയിട്ടുണ്ട്.



