പോർട്ട് ആൽബെർണി: വാൻകൂവർ ഐലൻഡിലുള്ള ലഹരി വിമുക്ത കേന്ദ്രത്തിന് (Safe-injection site) പുറത്ത് സ്വയം നിർമ്മിത ബോംബ് സ്ഫോടനം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2024 മാർച്ച് 22-ന് നടന്ന സംഭവത്തിൽ ജോൺ മാത്യു തോംസൺ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. സ്ഫോടനത്തിൽ പ്രതിക്കും അവിടെയുണ്ടായിരുന്ന ജീവനക്കാരിക്കും പരിക്കേറ്റിരുന്നു.
തനിക്ക് സുപരിചിതയായ ബ്രിയാൻ ക്രോ എന്ന ജീവനക്കാരിയെ കേന്ദ്രത്തിന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷമാണ് തോംസൺ ബോംബ് പൊട്ടിച്ചത്. സ്ഫോടനത്തിൽ ക്രോയുടെ കണ്ണിൽ ചില്ല് കഷണങ്ങൾ തറച്ചുകയറുകയും ആഴ്ചകളോളം കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ, പ്രതിയോട് തനിക്ക് വിരോധമില്ലെന്നും ഇതൊരു അപകടമാണെന്നുമാണ് പരിക്കേറ്റ യുവതി ആദ്യം പ്രതികരിച്ചത്.
മെറ്റിസ് (Metis) വംശജനായ തോംസൺ കുട്ടിക്കാലം മുതൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും, മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം ഇയാളുടെ തലച്ചോറിന് തകരാർ സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. 1998 മുതൽ ലൈംഗിക അതിക്രമം, ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. സ്ഫോടനം നടത്തുന്നതിന് മുൻപ് ക്രാക്ക്, ക്രിസ്റ്റൽ മെത്ത് തുടങ്ങി നിരവധി മയക്കുമരുന്നുകൾ താൻ ഉപയോഗിച്ചിരുന്നതായി ഇയാൾ സമ്മതിച്ചു.
ഇതൊരു അപകടമാണെന്ന പ്രതിയുടെ വാദം ജഡ്ജി അലക്സാണ്ടർ വുൾഫ് തള്ളി. “ഇതൊരു ആസൂത്രിത നീക്കമാണ്. ബോംബ് നിർമ്മിച്ച് അത് കൃത്യസ്ഥലത്ത് എത്തിച്ച് ഇരയുടെ സാമീപ്യത്തിൽ വെച്ച് കത്തിക്കുകയാണ് അയാൾ ചെയ്തത്,” എന്ന് ജഡ്ജി വിധിന്യായത്തിൽ വ്യക്തമാക്കി. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ചികിത്സയോട് ഇയാൾ സഹകരിക്കാൻ തയ്യാറാകാത്തത് സമൂഹത്തിന് ഭീഷണിയാണെന്നും കോടതി വിലയിരുത്തി. നിലവിൽ ജയിലിൽ കഴിഞ്ഞ കാലയളവ് കുറച്ച്, ഇനി 39 മാസത്തോളം തോംസൺ തടവിൽ കഴിയേണ്ടി വരും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
B.C. man who exploded homemade bomb at safe-injection site sentenced



