പ്രിൻസ് എഡ്വേഡ് ഐലൻഡിലെ നിവാസികൾക്ക് മെയ് 1 മുതൽ കാനഡയുടെ പുതിയ ദേശീയ ഫാർമകെയർ പദ്ധതി പ്രകാരം പ്രമേഹ ചികിത്സാ മരുന്നുകളും, ആവശ്യമായ ഉപകരണങ്ങളും, ഗർഭനിരോധന ഉൽപ്പന്നങ്ങളും സൗജന്യമായി ലഭ്യമാകും. Valid health card കൈവശമുള്ള എല്ലാ നിവാസികൾക്കും ഈ പുതിയ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
നാല് വർഷത്തേക്ക് 30 മില്യൺ ഡോളർ ഫെഡറൽ കരാർ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗർഭനിരോധന മാർഗങ്ങൾ ആവശ്യമുള്ള 41,000-ത്തോളം നിവാസികൾക്കും പ്രമേഹമുള്ള 16,000 പേർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ചില മരുന്നുകൾക്ക് പരിമിതമായ പരിരക്ഷ മാത്രമേ ലഭ്യമാകുന്നുള്ളൂ, അതിനാൽ ജനറിക് മരുന്നുകൾ ലഭ്യമായിരിക്കെ ബ്രാൻഡഡ് മരുന്നുകൾ തിരഞ്ഞെടുക്കുന്ന നിവാസികൾ വില സ്വന്തം നിലയിൽ വഹിക്കേണ്ടി വരും. “ഈ സമഗ്ര പദ്ധതിയിലൂടെ പ്രമേഹ ചികിത്സാ പരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് ഇൻസുലിൻ ഉപയോഗിക്കാത്ത ചികിത്സകൾക്കുള്ള ഗ്ലൂക്കോസ് പരിശോധനാ സ്ട്രിപ്പുകളും ഇനി മുതൽ സൗജന്യമായി ലഭിക്കുന്നതാണ്,” എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.



