വാൻകൂവർ: വിപണിയിൽ ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന അപൂർവ്വ ‘പോക്കിമോൻ’ (Pokémon) കാർഡുകൾ തട്ടിയെടുക്കുന്ന സംഘത്തെ പിടികൂടാൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ പോലീസിന്റെ മിന്നൽ ഓപ്പറേഷൻ. വേഷം മാറി നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ സംഘത്തിലെ പ്രധാനിയായ ഇരുപതുകാരനെ വാൻകൂവർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ തുടർച്ചയായി ഉണ്ടായ സായുധ കവർച്ചകളുടെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
ഓൺലൈൻ വഴി പോക്കിമോൻ കാർഡുകൾ വിൽക്കാൻ ശ്രമിക്കുന്നവരുടെ അരികിലെത്തി കുരുമുളക് സ്പ്രേ അടക്കം പ്രയോഗിച്ച് കാർഡുകൾ തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ രീതി. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള അഞ്ച് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ കാർഡ് വിൽപ്പനക്കാരായി വേഷം മാറി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം നൽകി.
ഈ കെണിയിൽ വീണ പ്രതി പോലീസിനെ സമീപിച്ച് കാർഡുകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മാർച്ച് 27-ന് നടന്ന അറസ്റ്റിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പോലീസ് പുറത്തുവിട്ടത്. നേരത്തെ സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട മാർക്ക് ലി എന്ന കാർഡ് ശേഖരക്കാരൻ തന്റെ ഭയാനകമായ അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ചു. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴി 20,000 ഡോളറോളം (ഏകദേശം 16 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലവരുന്ന രണ്ട് കാർഡുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാർക്കിന് നേരെ ആക്രമണമുണ്ടായത്.
കാർഡുകൾ വാങ്ങാൻ എന്ന വ്യാജേന എത്തിയ കൗമാരക്കാരായ രണ്ട് പ്രതികൾ, കാർഡുകളുടെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം മാർക്കിന്റെ കണ്ണുകളിലേക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. കണ്ണുകാണാൻ കഴിയാത്ത അവസ്ഥയിലായ മാർക്കിൽ നിന്നും നിമിഷങ്ങൾക്കകം സംഘം കാർഡുകളുമായി കടന്നുകളയുകയായിരുന്നു.
കളിപ്പാട്ടമെന്ന നിലയിൽ നിന്നും മാറി ലക്ഷങ്ങൾ മൂല്യമുള്ള ഒന്നായി പോക്കിമോൻ കാർഡുകൾ മാറിയതാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണം.
1998-ലെ അതീവ അപൂർവ്വമായ ‘പിക്കാച്ചു ഇല്ലസ്ട്രേറ്റർ’ എന്ന ഒരൊറ്റ കാർഡിന് മാത്രം നിലവിൽ വിപണിയിൽ ഏകദേശം 40 ലക്ഷം ഡോളർ (ഏകദേശം 33 കോടിയിലധികം ഇന്ത്യൻ രൂപ) വിലയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. വലിയ തുക ലഭിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ വളരെ എളുപ്പത്തിൽ മറിച്ചുവിൽക്കാൻ സാധിക്കുമെന്നതും ഇവ കണ്ടെത്താൻ പ്രത്യേക നമ്പറുകളോ സംവിധാനങ്ങളോ ഇല്ലെന്നതുമാണ് മോഷ്ടാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.
വ്യാപകമാകുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയുള്ള ഇത്തരം ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ക്രയവിക്രയങ്ങൾ ആൾത്തിരക്കുള്ള പൊതുസ്ഥലങ്ങളിൽ വെച്ചോ, സുഹൃത്തുക്കളുടെ സാന്നിധ്യത്തിലോ മാത്രമേ നടത്താവൂ. പല പോലീസ് സ്റ്റേഷൻ പരിസരങ്ങളിലും ഇത്തരം ഓൺലൈൻ വ്യാപാരങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Attack over Pokemon cards; Police disguise themselves to trap thieves, cinematic operation in Vancouver!




