ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിങ്കോയില്‍ ജെറ്റ് സെറ്റ് നൈറ്റ് ക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 66 പേർ മരിക്കുകയും 160-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുകയും ചെയ്തതായി പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മെറെന്‍ഗ് സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയിലെ പ്രകടനങ്ങള്‍ക്ക് പേരുകേട്ട വേദിയില്‍ രാഷ്ട്രീയക്കാരും, കായികതാരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.
ഒറ്റനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ ഇടവേളയില്ലാതെ 12 മണിക്കൂറിലേറെയായി രക്ഷാപ്രവർത്തനം നടത്തി വരുന്നു. ഡ്രില്ലുകളും അറങ്ങളും മരപ്പലകകളും ഉപയോഗിച്ച് കനത്ത അവശിഷ്ടങ്ങൾ നീക്കി ജീവനോടെയുള്ളവരെ പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ അടിയന്തിര ഓപ്പറേഷൻസ് ഡയറക്ടർ ജുവാൻ മാനുവൽ മെൻഡസ് അവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോഴും ചിലർ ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
മരണമടഞ്ഞവരിൽ മോന്റെക്രിസ്റ്റി പ്രവിശ്യാ ഗവര്‍ണറും എംഎൽബി ഓൾ-സ്റ്റാർ നെൽസൺ ക്രൂസിന്റെ സഹോദരിയുമായ നെല്‍സി ക്രൂസ് ഉൾപ്പെടുന്നു. മേൽക്കൂര തകർന്ന ഉടനെ അവർ പ്രസിഡന്റിനെ വിളിച്ച് കുടുങ്ങിയതായി അറിയിച്ചെങ്കിലും പിന്നീട് ആശുപത്രിയിൽ മരണമടഞ്ഞു. ടൊറന്റോ ബ്ലൂ ജേയ്സ് ഉൾപ്പെടെ കളിച്ച മുൻ എംഎൽബി പിച്ചർ ഒക്ടേവിയോ ഡോട്ടൽ, ഡൊമിനിക്കൻ ബേസ്ബോൾ താരം ടോണി എൻറിക്വെ ബ്ലാങ്കോ കബ്രേറ എന്നിവരും മരണമടഞ്ഞു. സംഗീത പരിപാടിയിൽ പാടിക്കൊണ്ടിരുന്ന ഗായകൻ റൂബി പെരെസിന് പരിക്കേറ്റുവെങ്കിലും അദ്ദേഹത്തിന്റെ സാക്സോഫോണിസ്റ്റ് അപകടത്തിൽ മരിച്ചു.
മേല്‍ക്കൂര തകരാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. കെട്ടിടത്തിന്റെ അവസാന പരിശോധന എന്നാണ് നടത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഭവസ്ഥലം സന്ദര്‍ശിച്ച പ്രസിഡന്റ് ലൂയിസ് അബിനദര്‍ എല്ലാ രക്ഷാ ഏജന്‍സികളും രംഗത്തുണ്ടെന്നും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും തകർന്ന വേദിക്ക് പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.



