കാനഡയുടെ ഭൂപടത്തിൽ നിന്ന് വേർപെട്ട് സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കാൻ ആൽബർട്ടയിലെ ചിലർ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പക്ഷേ, അങ്ങനെയൊന്ന് സംഭവിക്കാൻ ഈ ഭൂമിയുടെ അവകാശികൾ സമ്മതിക്കുമോ? ഇല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ആൽബർട്ടയിലെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർ.
കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട ജനഹിതപരിശോധന ചോദ്യം കോടതിയുടെ പരിഗണനയ്ക്ക് അയച്ചതിന് പിന്നാലെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് തദ്ദേശീയ ഗോത്രവർഗ്ഗക്കാർ. വേർപിരിയൽ ആവശ്യപ്പെട്ട് ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്ട് എന്ന സംഘടന നൽകിയ ചോദ്യത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയിൽ ഇടപെടാനാണ് ട്രീറ്റി 6 ഫസ്റ്റ് നേഷൻസ് എന്നറിയപ്പെടുന്ന ഈ സംഘടനയുടെ തീരുമാനം.
വേർപിരിയൽ വാദം ഭരണഘടനാ വിരുദ്ധവും ട്രീറ്റി നിയമങ്ങളുടെ ലംഘനവുമാണെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു. ഈ നീക്കം ആൽബർട്ടയുടെയും അവിടത്തെ ജനങ്ങളുടെയും ഭാവിയെ അപകടത്തിലാക്കുന്നുവെന്ന് ട്രീറ്റി 6 ഫസ്റ്റ് നേഷൻസ് ആരോപിച്ചു. കൂടാതെ, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ വിഷയത്തിൽ പോരാടുമെന്നും അവർ വ്യക്തമാക്കി.
കാനഡയിൽ നിന്ന് വേർപിരിഞ്ഞ് ഒരു സ്വതന്ത്ര രാജ്യമാകുന്നതിനെക്കുറിച്ച് ജനങ്ങൾ യോജിക്കുന്നുണ്ടോ എന്ന് ചോദിക്കുന്ന ഒരു ചോദ്യമാണ് ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്ട് എന്ന സംഘടന സമർപ്പിച്ചത്. ഈ ചോദ്യത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നതിനാണ് ആൽബർട്ടയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗോർഡൻ മക്ലൂർ വിഷയം കോടതിയിലേക്ക് വിട്ടത്.
എന്നാൽ, ആൽബർട്ടയിലെ നീതിന്യായ വകുപ്പ് മന്ത്രി മിക്കി അമേരിയും പ്രീമിയർ ഡാനിയേൽ സ്മിത്തും ഈ തീരുമാനത്തെ വിമർശിച്ചിരുന്നു. ചോദ്യം ഭരണഘടനാപരമാണെന്നും കോടതിയുടെ പരിശോധന ആവശ്യമില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇതിനെ തുടർന്ന് ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്ട് ചോദ്യം കോടതിയിലേക്ക് വിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളി.
നവംബറിൽ ഇതിന്മേൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്. ട്രീറ്റി 6 ഫസ്റ്റ് നേഷൻസ് 1876-ൽ ഒപ്പുവെച്ച ട്രീറ്റി നിയമങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്. ഈ സംഘടനയിൽ ആൽബർട്ട, സാസ്കച്ചെവാൻ, മാനിറ്റോബ എന്നിവിടങ്ങളിലെ 50 ഫസ്റ്റ് നേഷൻസ് ഗോത്രവർഗ്ഗങ്ങൾ ഉൾപ്പെടുന്നു.
അതിൽ ആൽബർട്ടയിൽ മാത്രമായി 16 ഗോത്രവിഭാഗങ്ങളുണ്ട്. ഇവർക്ക് പുറമെ മുൻ ഡെപ്യൂട്ടി പ്രീമിയർ തോമസ് ലുക്കാഷുക്കും ഈ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ആൽബർട്ട ഒരിക്കലും കാനഡയിൽ നിന്ന് വേർപിരിയരുത് എന്ന ഒരു ജനഹിതപരിശോധന ചോദ്യം അദ്ദേഹം നേരത്തെ സമർപ്പിച്ചിരുന്നു. ഈ ചോദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും ചെയ്തിരുന്നു.
As Alberta prepares to secede from Canada; Indigenous people are on the fence!



