ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിലേറെയായി അജയ്യമായി നിന്ന അപ്പോളോ 13-ന്റെ റെക്കോർഡ് തിരുത്തിക്കുറിച്ചുകൊണ്ട് ആർട്ടെമിസ് 2 ദൗത്യം വിജയകരമായി മുന്നേറുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 2,52,757 മൈൽ അകലെ എത്തിയതോടെ, ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന ഖ്യാതി വിക്ടർ ഗ്ലോവർ, റെയ്ഡ് വൈസ്മാൻ, ജെറെമി ഹാൻസെൻ, ക്രിസ്റ്റിന കുക്ക് എന്നിവരടങ്ങുന്ന സംഘം സ്വന്തമാക്കി. 1970-ൽ അപ്പോളോ 13 സ്ഥാപിച്ച 2,48,655 മൈൽ എന്ന ദൂരപരിധിയാണ് ഇതോടെ മറികടക്കപ്പെട്ടത്.
ചന്ദ്രന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഓറിയന്റലെ ബേസിൻ എന്ന വിസ്മയ മേഖലയുടെ ചിത്രം മനുഷ്യർ ആദ്യമായി നേരിട്ട് പകർത്തിയത് ഈ ദൗത്യത്തിന്റെ മറ്റൊരു വലിയ നേട്ടമാണ്. 950 കിലോമീറ്റർ വ്യാപ്തിയുള്ള ഈ പ്രദേശം ചന്ദ്രനിലെ ഗ്രാൻഡ് കാന്യൻ എന്നാണ് അറിയപ്പെടുന്നത്. ചന്ദ്രന്റെ വിദൂരവശത്ത് പേടകം എത്തുന്ന സമയത്ത് ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെടും. ഭൂമിക്കും പേടകത്തിനും ഇടയിൽ ചന്ദ്രൻ മറയായി നിൽക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത്തരം വെല്ലുവിളികളെ നേരിടാൻ എല്ലാ മുൻകരുതലുകളും നാസ സ്വീകരിച്ചിട്ടുണ്ട്.

അപ്പോളോ 8 കാലത്തെ പ്രശസ്തമായ ‘എർത്ത്റൈസ്’ ചിത്രം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പകർത്താനുള്ള ശ്രമത്തിലാണ് സംഘം. യാത്രയ്ക്കിടയിൽ യാത്രികർ മക്രോണിയും പാൽക്കട്ടിയും കഴിക്കുന്നതിന്റെ വീഡിയോകളും നാസ പുറത്തുവിട്ടിട്ടുണ്ട്. ലൂണാർ ഫ്ലൈബൈ പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്ന പേടകം ഏപ്രിൽ 10ന് പസിഫിക് സമുദ്രത്തിൽ പതിക്കും. തുടർന്ന് യുഎസ് നേവിയുടെ സഹായത്തോടെ യാത്രികരെയും പേടകത്തെയും വീണ്ടെടുക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Artemis 2 astronauts have achieved a monumental feat, traveling the farthest from Earth ever recorded, surpassing the Apollo 13 mission’s historic distance.



