തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ഇടത് മുന്നണി പ്രചാരണ രംഗത്ത് സിറ്റിങ് എംഎൽഎ ആന്റണി രാജുവിന്റെ വിട്ടുനിൽക്കൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുധീർ കരമനയ്ക്ക് വേണ്ടി പരസ്യമായി വോട്ട് ചോദിക്കാൻ ആന്റണി രാജു തയ്യാറാകാത്തത് മുന്നണി നേതൃത്വത്തെയും പ്രവർത്തകരെയും ഒരുപോലെ കുഴപ്പിക്കുകയാണ്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്നും അദ്ദേഹം വിട്ടുനിന്നത് അതൃപ്തിയുടെ പരസ്യപ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎമ്മും ജനാധിപത്യ കേരള കോൺഗ്രസും തമ്മിലുള്ള ഭിന്നതയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. താൻ നിർദേശിച്ച വ്യക്തിയെ സ്ഥാനാർഥിയാക്കാൻ സിപിഎം വിസമ്മതിച്ചതാണ് ആന്റണി രാജുവിനെ ചൊടിപ്പിച്ചത്. കൂടാതെ, തൊണ്ടിമുതൽ തിരിമറിക്കേസിലെ നിയമനടപടികളെത്തുടർന്ന് സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകാതെ ഇടത് സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനം പാർട്ടി പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രചാരണ പരിപാടികളിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുന്നത്.
എന്നാൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പ്രതിഷേധം കാരണമല്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. കോടതി അയോഗ്യനാക്കിയ സാഹചര്യത്തിൽ പരസ്യമായി വോട്ടഭ്യർത്ഥിക്കുന്നത് ധാർമികമായി ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. പകരം സുധീർ കരമനയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെക്കുന്നുണ്ടെന്നും ഫോൺ വഴി വോട്ടർമാരെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സർക്കാർ തന്നെ കള്ളക്കേസിൽ കുടുക്കിയതുകൊണ്ടാണ് തനിക്ക് മത്സരിക്കാൻ കഴിയാത്തതെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, തിരുവനന്തപുരത്തെ ദുർബലനായ സ്ഥാനാർഥി നിർണയം സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയുടെ വിട്ടുനിൽക്കൽ വോട്ടർമാർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ആന്റണി രാജു നേരിട്ടെത്താത്തതിനെക്കുറിച്ച് വോട്ടർമാർ ചോദിക്കുമ്പോൾ മറുപടി നൽകാനാകാതെ കുഴങ്ങുകയാണ് ഇടത് മുന്നണി പ്രവർത്തകർ. നേരിട്ട് വരുന്നതിനേക്കാൾ വലിയ പ്രചാരം സോഷ്യൽ മീഡിയയിലൂടെ ലഭിക്കുമെന്നാണ് സ്ഥാനാർഥി സുധീർ കരമന ഇതിനോട് പ്രതികരിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Antony Raju in displeasure



