കൈവ്: യുക്രെയ്ൻ തലസ്ഥാനമായ കൈവിനെയും പ്രധാന നഗരമായ ഖാർകിവിനെയും നടുക്കി ശനിയാഴ്ച പുലർച്ചെ റഷ്യയുടെ മിസൈൽ-ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുതുവർഷത്തിനു ശേഷം കൈവ് നഗരത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.
ശനിയാഴ്ച പുലർച്ചെയോടെയാണ് റഷ്യൻ സേന മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ കടന്നാക്രമണം ആരംഭിച്ചത്. തലസ്ഥാന നഗരമായ കൈവിൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ സ്ഥിരീകരിച്ചു. ഡ്നിപ്രോ നദിയുടെ ഇരുവശത്തുമുള്ള ജില്ലകളിൽ മിസൈലുകൾ വന്നുപതിച്ചതിനെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഇതോടെ നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ജലവിതരണവും വൈദ്യുതിയും പൂർണ്ണമായും തടസ്സപ്പെട്ടു.
റഷ്യൻ അതിർത്തിയോട് ചേർന്നുള്ള ഖാർകിവിലും സ്ഥിതി അതീവ ഗുരുതരമാണ്. രണ്ടര മണിക്കൂറിനുള്ളിൽ 25-ഓളം ഡ്രോണുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്. ഇവിടെ മാത്രം 11 പേർക്ക് പരിക്കേറ്റു. അഭയാർത്ഥി ക്യാമ്പ്, ആശുപത്രി, പ്രസവ വാർഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഡ്രോൺ ആക്രമണം ഉണ്ടായതെന്ന് ഖാർകിവ് മേയർ ഇഹോർ തെരേഖോവ് വ്യക്തമാക്കി. കൈവിലെ ഒരു മെഡിക്കൽ സെന്ററിനും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കടുത്ത തണുപ്പുകാലത്ത് നഗരത്തിലെ താപനില -13 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ നീക്കം. തകരാറിലായ വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ അടിയന്തര സേനാംഗങ്ങൾ ശ്രമം തുടരുകയാണ്. നാല് വർഷത്തോളമായി തുടരുന്ന യുദ്ധത്തിന് പരിഹാരം കാണാൻ യുഎഇയിൽ വെച്ച് ഉന്നതതല ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Another Russian missile attack in Ukraine; one killed



