നോവ സ്കോഷ്യ: നോവ സ്കോഷ്യ പ്രവിശ്യയെ നീണ്ട ആറ് ആഴ്ചകളോളം ഭീതിയിലാഴ്ത്തിയ ലോങ് ലേക്ക് കാട്ടുതീ (Long Lake wildfire) ഔദ്യോഗികമായി നിയന്ത്രണ വിധേയമായി. 20 വീടുകൾ നശിപ്പിക്കുകയും ആയിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത ഈ തീപിടിത്തത്തിനെതിരായ പോരാട്ടത്തിലെ ഒരു സുപ്രധാന വിജയമാണിത്. അഗ്നിശമന ശ്രമങ്ങളോട് തീ നന്നായി പ്രതികരിക്കുന്നതിനാലും, ഇനി കൂടുതൽ വ്യാപിക്കാൻ സാധ്യതയില്ലാത്തതിനാലുമാണ് തീ നിലവിൽ നിയന്ത്രണവിധേയമായി പ്രഖ്യാപിച്ചതെന്ന് നോവ സ്കോഷ്യയുടെ പ്രകൃതിവിഭവ വകുപ്പ് അറിയിച്ചു.
തീ പൂർണ്ണമായി അണഞ്ഞു എന്നല്ല ഇതിനർത്ഥം. ഏകദേശം 8,468 ഹെക്ടറിലായി വ്യാപിച്ച ഈ തീ അണയുകയോ അല്ലെങ്കിൽ ശൈത്യകാലം എത്തുകയോ ചെയ്യുന്നതുവരെ അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്ത് തമ്പടിച്ച് നിരീക്ഷണം തുടരും. തീപിടിത്തം മൂലം വെസ്റ്റ് ഡൽഹൗസി മേഖലയിലെ 84 വീടുകളിലെ താമസക്കാർക്ക് കഴിഞ്ഞ വാരമാണ് തിരികെ പോകാൻ അനുമതി ലഭിച്ചത്. മൊത്തത്തിൽ, 500-ഓളം വീടുകളിലെ 1000-ത്തിലധികം ആളുകളെയാണ് ഈ കാട്ടുതീ കാരണം ഒഴിപ്പിച്ചത്. അന്നാപോളിസ് കൗണ്ടി ഒഴികെയുള്ള നോവ സ്കോഷ്യയുടെ എല്ലാ ഭാഗങ്ങളിലും പ്രവിശ്യാതല ബേൺ നിരോധനം (പുറത്ത് തീയിടുന്നത്) കഴിഞ്ഞ വെള്ളിയാഴ്ച പിൻവലിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



