മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ പദ്ധതിയായ ‘വൻതാര’യ്ക്ക് ആദരമർപ്പിച്ച് ആഡംബര വാച്ച് നിർമ്മാതാക്കളായ ജേക്കബ് ആൻഡ് കോ (Jacob & Co) പുതിയ പതിപ്പ് പുറത്തിറക്കി. ‘ഓപ്പറ വൻതാര ഗ്രീൻ കാമോ’ (Opera Vantara Green Camo) എന്ന് പേരിട്ടിരിക്കുന്ന ഈ വാച്ച് ജനുവരി 21-നാണ് കമ്പനി വിപണിയിലെത്തിച്ചത്. അത്യാധുനിക സാങ്കേതികവിദ്യയും അപൂർവ്വ രത്നങ്ങളും കോർത്തിണക്കി നിർമ്മിച്ച ഈ വാച്ചിന് ഏകദേശം 15 ലക്ഷം ഡോളർ (ഏകദേശം 12.5 കോടി രൂപ) ആണ് വില കണക്കാക്കുന്നത്.
വാച്ചിന്റെ ഡയറിന് നടുവിലായി അനന്ത് അംബാനിയുടെ കൈകൊണ്ട് ചായം പൂശിയ ചെറിയ രൂപം കൊത്തിവെച്ചിട്ടുണ്ട്. ഇതിന് ഇരുവശത്തുമായി വൻതാരയിലെ വന്യജീവികളെ അനുസ്മരിപ്പിക്കുന്ന സിംഹത്തിന്റെയും ബംഗാൾ കടുവയുടെയും രൂപങ്ങളും കാണാം. പച്ച കലർന്ന കാമഫ്ലാഷ് ഡിസൈനിലാണ് വാച്ചിന്റെ പുറംഭാഗം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഏകദേശം 21.98 കാരറ്റ് തൂക്കം വരുന്ന 397 വിലപിടിപ്പുള്ള രത്നങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിമാന്റോയ്ഡ് ഗാർനെറ്റുകൾ, ഗ്രീൻ സഫയറുകൾ, വെള്ള വജ്രങ്ങൾ എന്നിവ പതിച്ച ഈ വാച്ച് ജേക്കബ് ആൻഡ് കോയുടെ ‘ഓപ്പറ’ കളക്ഷന്റെ ഭാഗമാണ്.
ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് റിഫൈനറി കോംപ്ലക്സിനുള്ളിൽ 3,500 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണ് വൻതാര. ഒന്നര ലക്ഷത്തിലധികം മൃഗങ്ങൾ അധിവസിക്കുന്ന ഇവിടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്യജീവി ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. ലോകശ്രദ്ധ നേടിയ ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണത്തോടുള്ള അഭിനിവേശത്തെ അടയാളപ്പെടുത്തുന്ന രീതിയിൽ അന്താരാഷ്ട്ര ബ്രാൻഡായ ജേക്കബ് ആൻഡ് കോ ഇത്തരമൊരു വാച്ച് രൂപകൽപ്പന ചെയ്തത്.
anant-ambani-vantara-jacob-and-co-watch-luxury-collection
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



