കാനഡയിലെ 500-ലധികം പ്രൊഫസർമാർ ഒരു തുറന്ന കത്തിൽ ഒപ്പുവച്ച് ഫെഡറൽ പാർട്ടി നേതാക്കളോട് അമേരിക്കയിൽ നിന്ന് പഠനത്തിനായി കാനഡയിൽ അഭയം തേടുന്നവർക്കു സംരക്ഷണം നൽകാനും, കൂടാതെ കാനഡയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ആവശ്യവുമായി മുന്നോട് വന്നിരിക്കുന്നു . ഈ കത്തിൽ പ്രസിഡന്റ് ട്രംപ് അമേരിക്കൻ സർവകലാശാലകൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ വിമർശിക്കുകയും, വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
ലവാൽ സർവകലാശാലയിലെ ജെസ്സി ഗ്രീനർ, ഐമി ഡോസൺ തുടങ്ങിയ പ്രൊഫസർമാർ കാനഡയിലെ സർവകലാശാലകളുടെ ദീർഘകാലമായുള്ള അപര്യാപ്തമായ ധനസഹായത്തെക്കുറിച്ച് എടുത്തു പറയുന്നുണ്ട്, അതോടൊപ്പം അമേരിക്കയിലെ നിലവിലുള്ള പ്രതിസന്ധി ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായി കാണുന്നു. കൂടുതൽ ഫണ്ടിംഗ്, വിദേശ പ്രൊഫസർമാർക്കുള്ള പിന്തുണ, അക്കാദമിക സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണം, സർവകലാശാല സ്വയംഭരണത്തെയും അവർ പിന്തുണക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് കനേഡിയൻ രാഷ്ട്രീയ നേതാക്കൾ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാത്തതിനെ കുറിച്ചും ഈ കത്തിൽ വിമർശനം അറിയിക്കുന്നുണ്ട്. കൂടാതെ അധ്യാപക സ്ഥാനങ്ങൾ കൂട്ടാനും, വിദേശ വിദ്യാർത്ഥികൾക്ക് കൂടുതല്‍ കുടിയേറ്റ അവസരങ്ങൾ നൽകാനും, കോളേജുകളിലും സർവകലാശാലകളിലും പ്രതിഷേധിക്കാൻ അവകാശം ഉറപ്പാക്കാനും ആവശ്യപ്പെടുന്നു. ഇതിലൂടെ കാനഡയെ ലോകത്തെ ഒരു പ്രധാന അക്കാദമിക കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യം.



