ലാസ് വെഗാസ്: ആഗോള ടെക് ലോകം ഉറ്റുനോക്കുന്ന സി.ഇ.എസ് (CES) ട്രേഡ് ഷോയിൽ നിർണ്ണായക പ്രഖ്യാപനങ്ങളുമായി പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ എ.എം.ഡി (Advanced Micro Devices). ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ തലമുറയിൽപ്പെട്ട എഐ പ്രോസസറുകൾ കമ്പനി സി.ഇ.ഒ ലിസ സു വേദിയിൽ അവതരിപ്പിച്ചു. ഡാറ്റാ സെന്ററുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത MI455 ഐ.എ പ്രോസസറുകളാണ് ഇതിൽ പ്രധാനം. പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ ഓപ്പൺ എഐ (OpenAI) ഉൾപ്പെടെയുള്ള കമ്പനികൾക്ക് എ.എം.ഡി ഈ സർവർ റാക്കുകൾ ലഭ്യമാക്കും.
ബിസിനസ് സ്ഥാപനങ്ങൾക്ക് സ്വന്തമായി ഉപയോഗിക്കാവുന്ന എന്റർപ്രൈസ് പതിപ്പായ MI440X ചിപ്പും ചടങ്ങിൽ ശ്രദ്ധനേടി. നിലവിലുള്ള സാധാരണ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറുകളിൽ പോലും എഐ പ്രവർത്തനങ്ങൾ സാധ്യമാക്കാൻ ഈ ചിപ്പ് സഹായിക്കും. കൂടാതെ, ഭാവിയിലെ വൻതോതിലുള്ള കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കായി 2027-ൽ പുറത്തിറങ്ങുന്ന MI500 ചിപ്പുകളെക്കുറിച്ചും ലിസ സു സൂചന നൽകി. മുൻ പതിപ്പുകളെ അപേക്ഷിച്ച് 1,000 മടങ്ങ് അധികം കാര്യക്ഷമതയാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
എഐ ചിപ്പ് വിപണിയിൽ നിലവിൽ ആധിപത്യം പുലർത്തുന്ന എൻവിഡിയയ്ക്ക് (Nvidia) കനത്ത വെല്ലുവിളി ഉയർത്തുകയാണ് എ.എം.ഡിയുടെ ഈ നീക്കം. കഴിഞ്ഞ ഒക്ടോബറിൽ ഓപ്പൺ എഐയുമായി ഒപ്പുവെച്ച കരാർ എ.എം.ഡിയുടെ വിപണി മൂല്യം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ചടങ്ങിൽ എ.എം.ഡി സി.ഇ.ഒയ്‌ക്കൊപ്പം ഓപ്പൺ എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും വേദിയിലെത്തി. വർദ്ധിച്ചുവരുന്ന കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത്തരം പുത്തൻ സാങ്കേതികവിദ്യകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ചിപ്പ് പ്രകാശനത്തിന് പുറമെ, സാങ്കേതിക വിദ്യയുടെ വിവിധ മേഖലകളിലെ പ്രയോഗങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഇറ്റാലിയൻ കമ്പനിയായ ജനറേറ്റീവ് ബയോണിക്സ് വികസിപ്പിച്ച ‘GENE.01’ എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ വേദിയിൽ അവതരിപ്പിച്ചു. 2026 രണ്ടാം പകുതിയോടെ ഈ റോബോട്ടുകളുടെ വാണിജ്യ നിർമ്മാണം ആരംഭിക്കുമെന്ന് ജനറേറ്റീവ് ബയോണിക്സ് സി.ഇ.ഒ ഡാനിയേലെ പുച്ചി വ്യക്തമാക്കി.
വ്യക്തിഗത കമ്പ്യൂട്ടറുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ‘റൈസൺ എഐ 400’ (Ryzen AI 400) സീരീസ് പ്രോസസറുകളും, ഗെയിമിംഗ് മേഖലയ്ക്കായി ‘റൈസൺ എഐ മാക്സ് പ്ലസ്’ ചിപ്പുകളും എ.എം.ഡി പരിചയപ്പെടുത്തി. മുൻനിര കമ്പനികളായ എൻവിഡിയയും ഇൻ്റലും (Intel) സമാനമായ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് എ.എം.ഡിയുടെ ഈ കരുത്തുറ്റ തിരിച്ചുവരവ്. ഓപ്പൺ എഐയുമായുള്ള പങ്കാളിത്തം വഴി വരും വർഷങ്ങളിൽ വരുമാനത്തിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കുകയാണ് കമ്പനി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
AMD launches new artificial intelligence chips, ushering in a major change in the AI market



