2025 മാർച്ച് മുതൽ ഇതുവരെ 210 മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ആൽബർട്ട പ്രവിശ്യ, ചീഫ് മെഡിക്കൽ ഓഫീസർ ഇല്ലാതെ ഈ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുകയാണ്. 2022 മുതൽ ചീഫ് മെഡിക്കൽ ഓഫീസർ പദവി വഹിച്ചിരുന്ന ഡോ. മാർക്ക് ജോഫി ഏപ്രിൽ മധ്യത്തിൽ രാജിവെച്ചതിനെത്തുടർന്ന് ഇന്റെറിം ചീഫ് മെഡിക്കൽ ഓഫീസറെ നിയമിച്ചെങ്കിലും സ്ഥിരം നിയമനം ഇതുവരെ നടന്നിട്ടില്ല.
ആൽബർട്ട മെഡിക്കൽ അസോസിയേഷനും മറ്റ് ആരോഗ്യ വിദഗ്ധരും ഈ ഉദ്യോഗസ്ഥ അഭാവത്തെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിൽ നിരന്തരമായ നേതൃത്വ സാന്നിധ്യവും ആരോഗ്യരംഗത്ത് തുടർച്ചയായ നിർദ്ദേശങ്ങളും അത്യന്താപേക്ഷിതമാണെന്ന് അവർ ഊന്നിപ്പറയുന്നു. എന്നാൽ ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് അറിയിച്ചത് പുതിയ ചീഫ് ഹെൽത്ത് ഓഫീസറെ തിരഞ്ഞെടുക്കാനുള്ള നടപടികൾ വെറും തുടക്കഘട്ടത്തിലാണെന്നാണ്. എത്ര അപേക്ഷകളാണ് ലഭിച്ചതെന്നോ അഭിമുഖം കഴിഞ്ഞവരുടെ സംഖ്യയോ പരിപൂർണമായി വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
രാഷ്ട്രീയ ഇടപെടലും ജോലി മാറ്റങ്ങളും ആൽബർട്ടയെ അനാകർഷകമാക്കുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.”നമ്മുടെ പ്രവിശ്യയിൽ ആരോഗ്യരംഗത്ത് രാഷ്ട്രീയ ഇടപെടൽ വർധിച്ചിട്ടുണ്ട്. ഇത് യോഗ്യരായ പ്രൊഫഷണലുകളെ ഈ സ്ഥാനത്തിനായി അപേക്ഷിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു,” എന്ന് ഹാർഡ്‌കാസിൽ പ്രസ്താവിച്ചു. ആൽബർട്ട NDP ഈ ആശങ്കകൾ പിന്തുണച്ചുകൊണ്ട്, ആരോഗ്യരംഗത്തെ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുന്നതിനും ശാസ്ത്രീയ നിർദ്ദേശങ്ങളിലുള്ള വിശ്വാസക്കുറവിനും UCP സർക്കാരിന്റെ ആരോഗ്യ നിലപാടുകളെ കുറ്റപ്പെടുത്തി.
സർക്കാർ പ്രസ്താവിക്കുന്നത് പ്രാദേശിക ആരോഗ്യ പ്രവർത്തകർ മീസിൽസ് പ്രതികരണം കൈകാര്യം ചെയ്യുന്നുണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഉയർന്നിട്ടുണ്ടെന്നുമാണ്. എന്നിരുന്നാലും,ആൽബർട്ട സോണൽ മെഡിക്കൽ ഓഫീസർമാരെ ഹെൽത്ത് സർവീസിൽ നിന്ന് ആൽബർട്ട ഹെൽത്തിലേക്ക് മാറ്റുന്ന ബിൽ 55, ആരോഗ്യ തീരുമാനം എടുക്കുന്നവരുടെ സ്വാതന്ത്ര്യം കുറയും എന്ന ആശങ്ക ഉയർത്തുന്നു.



