ലെത്ബ്രിഡ്ജ്: യുവതിയെ യാത്രയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഉബർ ഡ്രൈവർ പിടിയിലായി. ആൽബർട്ട പ്രവിശ്യയിലുള്ള ലെത്ബ്രിഡ്ജിലാണ് സംഭവം. 27 വയസ്സുകാരനായ മൻവീർ സിംഗാണ് പിടിയിലായത്. 2025 നവംബർ 9-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 20 വയസ്സുകാരിയായ യുവതി വീട്ടിലേക്ക് പോകാനാണ് മൻവീർ സിംഗ് ഓടിച്ചിരുന്ന ഉബർ ടാക്സി ബുക്ക് ചെയ്തത്. നഗരത്തിലെ ഒരു സ്ഥാപനത്തിൽ നിന്ന് യുവതിയെ കയറ്റിയ ശേഷം, ഇയാൾ കാർ നഗരമധ്യത്തിലെ മറ്റൊരു സ്ഥലത്ത് അല്പനേരം നിർത്തി. തുടർന്ന് റൂട്ട് മാറ്റി റിവർ വാലിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പീഡനത്തിന് ശേഷമാണ് ഇയാൾ യുവതിയെ വീട്ടിലെത്തിച്ചത്.
അന്വേഷണത്തിൽ, റിവർ വാലിയിലേക്കും യുവതിയുടെ വീട്ടിലേക്കും നടത്തിയ യാത്ര ഡ്രൈവർ ആപ്പിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. പ്രതിയെ പിടികൂടാൻ പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാൾ രാജ്യം വിട്ടിരുന്നു. തുടർന്ന് ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ 27-ന് വിദേശത്തുനിന്ന് കാനഡയിലേക്ക് തിരികെ എത്തിയ മൻവീറിനെ വാൻകൂവർ വിമാനത്താവളത്തിൽ വെച്ച് കാനഡ ബോർഡർ സർവീസസ് ഏജൻസി തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. ലൈംഗികാതിക്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ നിലവിൽ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. എന്നാൽ ഇയാളുടെ പാസ്‌പോർട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Alberta Uber driver accused of sexually assaulting female passenger



