കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ കുടിയേറ്റ നയങ്ങളിലും കുടിയേറ്റക്കാർക്ക് നൽകുന്ന സോഷ്യൽ സർവീസ് ആനുകൂല്യങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി പ്രീമിയർ ഡാനിയേൽ സ്മിത്ത്. 2026 ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയിലൂടെ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫെഡറൽ സർക്കാരിന്റെ നിയന്ത്രണമില്ലാത്ത കുടിയേറ്റ നയങ്ങളും എണ്ണവിലയിലെ ഇടിവും പ്രവിശ്യയുടെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുവെന്നും വരാനിരിക്കുന്ന ബജറ്റിൽ വലിയ കമ്മി പ്രതീക്ഷിക്കുന്നുണ്ടെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് ലക്ഷത്തോളം പേർ പുതുതായി ആൽബെർട്ടയിലെത്തിയത് പ്രവിശ്യയ്ക്ക് താങ്ങാനാവില്ലെന്നും, പ്രതിവർഷം എത്തുന്നവരുടെ എണ്ണം 50,000 ആയി കുറയ്ക്കണമെന്നുമാണ് സർക്കാരിന്റെ നിലപാട്. ഇതിൽ തന്നെ ഭൂരിഭാഗവും സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാകുന്ന കുടിയേറ്റക്കാരായിരിക്കണമെന്നും സ്മിത്ത് ആഗ്രഹിക്കുന്നു. താൽക്കാലികമായി ഇവിടെ എത്തുന്നവർ സ്വന്തമായി ഇൻഷുറൻസ് എടുക്കണമെന്നും, ടാക്സ് പേയർമാരുടെ പണം ഫെഡറൽ ഗവൺമെന്റിന്റെ പരീക്ഷണങ്ങൾക്കായി ചെലവഴിക്കാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, കുടിയേറ്റക്കാരുടെ ആനുകൂല്യങ്ങളെക്കുറിച്ച് നിയമവിദഗ്ധനായ രാജ് ശർമ്മ ചില കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ആൽബർട്ടയിൽ ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന താൽക്കാലിക വിദേശ തൊഴിലാളികൾക്ക് നിലവിലെ നിയമപ്രകാരം ആരോഗ്യ പരിരക്ഷയ്ക്ക് അവകാശമുണ്ട്. കൂടാതെ, അഭയാർത്ഥികളുടെ ആരോഗ്യ പരിരക്ഷാ ചെലവുകൾ വഹിക്കുന്നത് ഫെഡറൽ ഗവൺമെന്റാണ്, ആൽബർട്ടയല്ല. മുമ്പ് ആളുകളെ ഇങ്ങോട്ടേക്ക് ക്ഷണിച്ചിരുന്ന പ്രീമിയർ ഇപ്പോൾ കുടിയേറ്റത്തെ എതിർക്കുന്നത് ഭരണപരാജയം മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷമായ എൻ.ഡി.പി (NDP) ആരോപിച്ചു. ഹിതപരിശോധനയിലെ ജനവിധി എന്തുതന്നെയായാലും അത് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Alberta tightens immigration restrictions; referendum to cut benefits in October



