എഡ്മണ്ടൻ: അധ്യാപകരുടെ മൂന്നാഴ്ചയോളം നീണ്ട പണിമുടക്കിന് വിരാമമിട്ട്, ‘തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള’ നിയമം (Back-to-Work Legislation) കൊണ്ടുവരുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് പ്രഖ്യാപിച്ചു. പ്രവിശ്യയിൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന വ്യാഴാഴ്ച ബിൽ 2, ‘ദി ബാക്ക് ടു സ്കൂൾ ആക്ട്’ (The Back to School Act) അവതരിപ്പിക്കും. തുടർന്ന് തിങ്കളാഴ്ച ഈ ബിൽ ചർച്ച ചെയ്യുമെന്നും പ്രീമിയർ അറിയിച്ചു. അധ്യാപകരെയും കുട്ടികളെയും എത്രയും വേഗം സ്കൂളുകളിൽ തിരിച്ചെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നേറ്റ് ഹോർണർ വ്യക്തമാക്കി.
2024 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിച്ച കരാറിനെ ചൊല്ലി ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷനും (ATA) സർക്കാരും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് നിലവിലെ പണിമുടക്കിന് കാരണമായത്. പ്രധാനമായും ക്ലാസ് റൂമുകളിലെ സങ്കീർണ്ണതയും (Class Complexity) വേതന വർദ്ധനയുമാണ് പ്രധാന തർക്ക വിഷയങ്ങൾ. നിയമം വരാൻ പോകുന്നതിനെക്കുറിച്ച് അറിവുണ്ടെങ്കിലും ബില്ലിന്റെ പൂർണ്ണമായ പ്രത്യാഘാതങ്ങൾ വ്യക്തമല്ലെന്ന് ATA പ്രസ്താവനയിലൂടെ അറിയിച്ചു. ആയിരക്കണക്കിന് അധ്യാപകർ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിഷേധിക്കാൻ തടിച്ചുകൂടിയിട്ടുണ്ട്. പണിമുടക്ക് വിഷയത്തിൽ പ്രീമിയർ നടത്തിയ ‘ഒരു ഉരുളക്കിഴങ്ങ് പല രീതിയിൽ തൊലി കളയാമെന്ന’ (there’s more than one way to peel a potato) പരാമർശത്തിൽ പ്രതിഷേധിച്ച് പലരും ഉരുളക്കിഴങ്ങുകളുമായാണ് പ്രതിഷേധത്തിനെത്തിയത്.
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷമായ ഡിപി നേതാവ് നഹീദ് നെൻഷി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ആൽബർട്ടയുടെ ചരിത്രത്തിലെ ജനാധിപത്യപരമായ അവകാശങ്ങളുടെ ഏറ്റവും വലിയ ദുരുപയോഗമാണിതെന്നും, അധ്യാപകരുടെ ആശങ്കകളൊന്നും പരിഗണിക്കാതെ അവരെ തിരികെ ജോലിക്ക് പ്രവേശിപ്പിക്കാൻ നിർബന്ധിക്കുക മാത്രമല്ല, നിയമനിർമ്മാണം വേഗത്തിലാക്കാൻ ചട്ടങ്ങൾ മാറ്റിയെഴുതുക കൂടി ചെയ്യുന്നു എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള സർക്കാർ ശ്രമമാണ് ബിൽ എന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
ജനാധിപത്യപരമായ പ്രതിഷേധത്തിൻ്റെയും തൊഴിലാളി അവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമായാണ് പ്രതിപക്ഷം ഈ നിയമത്തെ കാണുന്നത്. അതേസമയം, വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നത് ഒഴിവാക്കാൻ നിയമം അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. അടിയന്തരമായി ബിൽ അവതരിപ്പിച്ച് തിങ്കളാഴ്ച തന്നെ നിയമം പ്രാബല്യത്തിൽ വരുത്താനുള്ള സർക്കാരിന്റെ നീക്കം, വരും ദിവസങ്ങളിൽ ആൽബർട്ടയുടെ രാഷ്ട്രീയ-തൊഴിലാളി മേഖലയിൽ കൂടുതൽ ചർച്ചകൾക്കും പ്രക്ഷോഭങ്ങൾക്കും വഴിവെക്കുമെന്നുറപ്പാണ്.



