ആൽബർട്ട പ്രവിശ്യയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ യാത്രാ ചെലവുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവുന്നതിനുള്ള നിയമം സർക്കാർ ഭേദഗതി ചെയ്തു. പുതിയ നയമനുസരിച്ച് $100-ൽ അധികമുള്ള ചെലവുകൾക്ക് മന്ത്രിമാർ, ഉപമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഇനിമുതൽ രസീതുകൾ നൽകേണ്ടതില്ല. ഓഗസ്റ്റ് ഒന്നിനാണ് ഇതുസംബന്ധിച്ച പുതിയ നയം പ്രാബല്യത്തിൽ വന്നത്. കൂടാതെ കഴിഞ്ഞ എട്ട് വർഷത്തെ ഉദ്യോഗസ്ഥരുടെ യാത്രാചെലവുകളുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നീക്കം പ്രവിശ്യയിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ചുവപ്പ് നാട കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയതെന്നാണ് ധനകാര്യ മന്ത്രിയുടെ പ്രസ് സെക്രട്ടറി മരീസ ബ്രീസിനെ ഉദ്ധരിച്ച് സർക്കാർ നൽകുന്ന വിശദീകരണം. മറ്റ് പ്രവിശ്യകളുമായി നയങ്ങൾ ഏകീകരിക്കാനും ഇത് സഹായിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, പുതിയ നയങ്ങൾ സുതാര്യത കുറയ്ക്കുമെന്നും, പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എട്ട് വർഷത്തെ രേഖകൾ നീക്കം ചെയ്തതോടെ, നിലവിലെ സർക്കാരിന്റെ ചെലവുകളെ മുൻ സർക്കാരുകളുമായി താരതമ്യം ചെയ്യാനുള്ള അവസരവും ഇല്ലാതായതായി പ്രതിപക്ഷ പാർട്ടിയായ എൻഡിപി നേതാവ് ക്രിസ്റ്റീന ഗ്രേ ചൂണ്ടിക്കാട്ടി.
അതേസമയം, പുതിയ നയങ്ങളെക്കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ ഡയാൻ മക്ലിയോഡ് അറിയിച്ചു. സർക്കാരിന്റെ ഈ നീക്കം നിലവിലുള്ള മാനദണ്ഡങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഫ്രീ എക്സ്പ്രഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജെയിംസ് ടർക്ക് അഭിപ്രായപ്പെട്ടു. മുൻപ് അഞ്ച് വർഷത്തേക്കുള്ള രേഖകൾ മാത്രമേ വെബ്സൈറ്റിൽ സൂക്ഷിച്ചിരുന്നുള്ളൂവെന്നും എന്നാൽ ഇപ്പോൾ എട്ട് വർഷത്തെ രേഖകൾ നീക്കം ചെയ്തത് സംശയകരമാണെന്നും ടർക്ക് കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശത്തിന്മേൽ സർക്കാർ പരിമിതികൾ വെക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നയം പ്രകാരം, 2025-ന്റെ ആദ്യ അഞ്ച് മാസങ്ങളിലെ കണക്കനുസരിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ മാത്രം $100-ൽ അധികമുള്ള ഇരുപതിലധികം യാത്രാ ചെലവുകളുടെ രസീതുകൾ ഇനി പുറത്തുവിടില്ല. ഇതേ കാലയളവിൽ മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും നൂറുകണക്കിന് ചെലവ് വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. രാജ്യത്തെ മറ്റ് പ്രവിശ്യകളിലും സമാനമായ നയങ്ങൾ നിലവിലുണ്ടെങ്കിലും, സുതാര്യതയിൽ ആൽബർട്ട ഒരു മാതൃകയായി മുന്നോട്ട് വരണമായിരുന്നെന്നും ടർക്ക് അഭിപ്രായപ്പെട്ടു.
Alberta removes eight years of records for concealing travel expenses of government officials



